ഞങ്ങള്‍ കളി തുടങ്ങാന്‍ പോകുകയാണ്; ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്തില്ല

പാലക്കാട്: മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താത്പര്യമുള്ള ഒരു വ്യക്തി ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്‌ക്കെത്തുമെന്നും അവര്‍ പറഞ്ഞു.

ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്തുണ്ട്. അധികാരത്തിന്റെ തണലിലിരുന്ന് കൊണ്ടാണ് ഇരുമുന്നണികളും ഞങ്ങളെ കല്ലെറിഞ്ഞിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

ഞങ്ങള്‍ കളി തുടങ്ങാന്‍ പോകുകയാണ്.അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്തില്ലെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തന മികവ് കൊണ്ടാണ് അദ്ദേഹത്തിന് മിസോറാം ഗവര്‍ണര്‍ പദവി നല്‍കിയതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെയും കെ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്. നിലവില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ സാധ്യത കെ സുരേന്ദ്രനാണ്.

Top