അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധം, മുഖ്യമന്ത്രി രാജിവെക്കക്കണം; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എക്‌സാലോജിക്ക് കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയ കേസില്‍ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണ്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ എത്താതെ ഒളിച്ചോടിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മകള്‍ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് കെഎംആര്‍എല്‍ മാസപ്പടി കൊടുക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം ലഭിക്കാനാണ്. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കരിമണല്‍ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്തുവരുകയും ചെയ്തതാണ്. ഈ സാഹചര്യത്തില്‍ ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ല. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ല. വിഡി സതീശന്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര ബഡ്ജറ്റിനെതിരെ രംഗത്ത് വന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. 15ാം ധനകാര്യ കമ്മീഷന്‍ ഏറ്റവും കൂടുതല്‍ റവന്യു ഡെഫിസിറ്റി ഗ്രാന്റ്‌കൊടുത്തത് കേരളത്തിനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാളും 2220 കോടി രൂപ നികുതി വിഹിതത്തില്‍ മാത്രം കേരളത്തിന് കൂടുതല്‍ ലഭിക്കും. റെയില്‍വെ വികസനത്തില്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ ഏഴിരട്ടി അധികമാണ് ഇത്തവണത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രത്തെ പഴിചാരുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top