സസ്‌പെന്‍ഷനിലായ 14 എംപിമാര്‍ കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ 14 എംപിമാര്‍ കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാടിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്ത് പാര്‍ലമെന്റിലേക്ക് അയച്ച എംപിമാര്‍ സംസ്‌കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത് എന്നും സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റ് തുന്നംപാടിയ കോണ്‍ഗ്രസ് അതിന്റെ അരിശം തീര്‍ക്കാന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ്. സുപ്രധാനമായ നിയമനിര്‍മ്മാണം നടത്താനുള്ള സഭയെ അധമമായ രാഷ്ട്രീയ താത്പര്യത്തിനുള്ള വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അധികാരം എങ്ങനെയെങ്കിലും കൈപിടിയിലാക്കുക എന്നത് മാത്രമാണ് ഐഎന്‍ഡി മുന്നണിയുടെ ലക്ഷ്യം.

ഉപരാഷ്ട്രപതിയെയും സ്പീക്കറെയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവഹേളിച്ചത് ഗൗരവതരമാണ്. രാജ്യസഭാ തലവനായ ഉപാരാഷ്ട്രപതിയെ ജാതീയമായി അപമാനിച്ച രാഹുല്‍ഗാന്ധിയുടെയും സംഘത്തിന്റെയും നടപടി മാപ്പര്‍ഹിക്കാത്തതാണ്. ഇതിനെതിരെ ഇന്ന് (ഡിസംബര്‍ 21)ന് എന്‍ഡിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുകയാണ് സസ്‌പെന്‍ഷനിലുള്ള എംപിമാര്‍ ചെയ്യുന്നത്. ഇവര്‍ക്ക് വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ലമെന്റില്‍ അപമര്യാദയായി പെരുമാറിയ 14 എംപിമാരെയും തുറന്നു കാണിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top