‘ഇവിടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാര്‍, ഇവരെ കൊണ്ട് ഒന്നും നടക്കില്ല’; കെ സുരേന്ദ്രന്‍

കോഴിക്കോട്: വയനാട്ടിലെ വന്യജീവി സംഘര്‍ഷത്തില്‍ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവിടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ളോഹയിട്ടവര്‍ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാര്‍ട്ടി നയമല്ലെന്നും ജില്ല പ്രസിഡന്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ബിജെപി സാധ്യതകളെ കുറുച്ചും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏഴ് സീറ്റുകളില്‍ ബിജെപി ജയിക്കും. വയനാട്ടിലും കോഴിക്കോടും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. കേരളത്തില്‍ മോദി തരംഗമുണ്ടാകും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top