‘വന്നു കണ്ടു കീഴടക്കി’ ജൂലിയസ് സീസറിന്റെ ഈ വാക്കുകള്‍ മോദിജിക്ക് വേണ്ടി എഴുതപ്പെട്ടവ: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി.”വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകള്‍ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. താന്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ്. ആയുധം കൊണ്ടല്ല, സ്‌നേഹം കൊണ്ടെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രിയോടെ ഖത്തറില്‍ തിരിക്കും.

അബുദാബിയില്‍ മലയാളത്തില്‍ ഉള്‍പ്പെടെ നാലുഭാഷകളില്‍ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. പ്രവാസികളെ ഓര്‍ത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാല്‍വാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നുവെന്നും ജന്മനാടിന്റെ മധുരവുമായാണ് താന്‍ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top