മണിപ്പുർ: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ

ഇംഫാൽ : മണിപ്പുരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ മുതിർന്ന ബിജെപി നേതാക്കൾ വിമർശിച്ചപ്പോൾ, പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.ശാരദാ ദേവി സ്വാഗതം ചെയ്തു. രാഹുലിന്റെ സന്ദർശനത്തെ അഭിനന്ദിക്കുന്നതായും വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും ശാരദാ ദേവി പറഞ്ഞു. രാഹുലിന്റെ സന്ദർശനം ദുരിതബാധിത കേന്ദ്രങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിന് മാത്രമാണ് എന്നായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം.

2 ദിവസം മണിപ്പുരിൽ സന്ദർശനം നടത്തിയ രാഹുൽ വംശീയകലാപത്തിലേർപ്പെട്ട കുക്കി, മെയ്തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസക്യാംപുകൾ സന്ദർശിച്ചിരുന്നു. ബിഷ്ണുപുരിൽ രാഹുലിനെ പൊലീസ് തടഞ്ഞപ്പോൾ നൂറുകണക്കിന് മെയ്തെയ് സ്ത്രീകളാണ് പൊലീസിനെതിരേ രംഗത്തിറങ്ങിയത്.

മൊയ്‌രാങ്ങിൽ പതിനായിരത്തിലധികം മെയ്തെയ് സ്ത്രീകൾ രാഹുലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തി. ബിജെപിയുടെ വോട്ടുബാങ്കായ മെയ്തെയ്കൾക്കിടയിലെ ഈ മാറ്റം സംസ്ഥാന ബിജെപിയിൽ അങ്കലാപ്പുണ്ടാക്കിയ പശ്ചാത്തലത്തിലാണ് സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.

കഴിഞ്ഞ 2 ദിവസം സംസ്ഥാനം പൊതുവേ ശാന്തമാണ്. തൗബാലിൽ ബിജെപിയുടെ 3 പ്രാദേശിക ഓഫിസുകൾ തകർത്തു. അതേസമയം കഴിഞ്ഞ ദിവസം സൈനികരുടെ വെടിയേറ്റു മരിച്ചവരിൽ ഒരാൾ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. കുക്കി ഗ്രാമങ്ങൾ ആക്രമിക്കാനെത്തിയപ്പോഴാണ് ഇയാൾ കൊല്ലപ്പെട്ടത്.

ഇതേസമയം, മണിപ്പുരിലെ കലാപത്തിനു പിന്നിൽ പുറത്തു നിന്നുള്ളവരുടെ കരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചു. മണിപ്പുർ ചെറിയ സംസ്ഥാനമാണ്. 34 ഗോത്രങ്ങളാണ് ഇവിടെയുള്ളത്. പുറത്തു നിന്ന് ധാരാളം ആളുകൾ ഇവിടെ സ്ഥിരതാമസമാക്കിയാൽ ഇത് സംസ്ഥാനത്തെ ബാധിക്കും. മണിപ്പുരിലെ പ്രശ്നങ്ങൾ ഇപ്പോൾ ആരംഭിച്ചതല്ല. കോൺഗ്രസ് നട്ട വിഷവിത്തിന്റെ ഫലമാണ് ഇപ്പോൾ ജനം അനുഭവിക്കുന്നത്. കുക്കി ഭീകരർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരം നേരത്തെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി മണിപ്പുർ സന്ദർശിക്കാനെടുത്ത സമയം ശരിയല്ലായിരുന്നുവെന്ന് ബിരേൻ സിങ് പറഞ്ഞു. കലാപം ആരംഭിച്ച് 40 ദിവസം കഴിഞ്ഞാണ് രാഹുൽ എത്തുന്നത്. എന്തുകൊണ്ട് അദ്ദേഹം നേരത്തേ വന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Top