ദേശീയ ഭാഷയ്ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല ; മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍പിള്ള

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല. ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ നിലപാടില്‍ ബിജെപി അപലപിക്കുന്നു. ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധം ഉയര്‍ന്നിട്ടും ”ഹിന്ദി അജണ്ട’ യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top