ബിജെപി പട്ടിക പൂര്‍ണം; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ

ദില്ലി: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും.ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശം നല്‍കിയത്. കഴക്കൂട്ടത്തെക്കൂടാതെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പൂര്‍ണമായി.

സംവരണമണ്ഡലമായ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ മത്സരിക്കും. കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, കൊല്ലത്ത് എം സുനില്‍ എന്നിവരാണ് മത്സരിക്കുക. മാനന്തവാടിയില്‍ നേരത്തേ മണിക്കുട്ടന്‍ എന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, തന്റെ സമ്മതത്തോടെയല്ല ഈ പ്രഖ്യാപനമെന്നും, പിന്‍മാറുകയാണെന്നും മണിക്കുട്ടന്‍ വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയായിരുന്നു ബിജെപി.

ശബരിമല പ്രശ്‌നത്തില്‍ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ശോഭയുടെ തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തില്‍ സജീവമാണ്.
ആദ്യഘട്ട പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു.

കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചര്‍ച്ചകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ്ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭസുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തില്‍ പോയി പ്രചാരണം തുടങ്ങാനും ഇതിനകംനിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കിശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളി. കേന്ദ്ര നേതൃത്വംശോഭസുരേന്ദ്രന് അംഗീകാരം നല്‍കുമ്പോഴും അതിനെതിരെ നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് സങ്കീര്‍ണ്ണമാക്കുന്നുണ്ട്.ശോഭസുരേന്ദ്രന്‍ മത്സരിച്ചാല്‍ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സാമുദായിക പരിഗണന നോക്കിയാലുംശോഭസുരേന്ദ്രന്‍ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു. എന്നാല്‍ കഴക്കൂട്ടം അല്ലാതെ കൊല്ലത്തോ കരുനാഗപ്പള്ളിയിലോശോഭസുരേന്ദ്രന്‍ മത്സരിച്ചോട്ടെ എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാലിതെല്ലാം തള്ളിക്കളഞ്ഞ് ശോഭ തന്നെ കളത്തിലിറങ്ങുന്നു, കഴക്കൂട്ടത്ത്.

 

Top