ഇന്ത്യയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് മിടുക്കര്‍; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്ന് ബിജെപി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഭീകരാക്രമണം സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ് സാംബിത് പത്ര. ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്ത പോലീസ് ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ വാര്‍ത്തയെത്തുടര്‍ന്നാണ് ചൗധരി ആരോപണം ഉന്നയിച്ചത്.

‘കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന പെരുമാറ്റത്തിന് അവര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനാണ് തോന്നിക്കുന്നത്. കോണ്‍ഗ്രസ് മിടുക്കരാണ്, ഇന്ത്യയെ അക്രമിക്കാനും, പാകിസ്ഥാനെ പിന്തുണയ്ക്കാനും’, സാംബിത് പത്ര വിമര്‍ശിച്ചു. പാകിസ്ഥാന് ഓക്‌സിജന്‍ നല്‍കി ഇന്ത്യയെ അക്രമിക്കുന്നതിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയിരിക്കുന്നു. അയല്‍രാജ്യത്തെ പ്രതിരോധിക്കുന്ന ചരിത്രമാണ് പ്രതിപക്ഷ പാര്‍ട്ടിക്കുള്ളതെന്നും പത്ര ആരോപിച്ചു.

‘കോണ്‍ഗ്രസിന്റെ ഈ പെരുമാറ്റത്തിന് ജനാധിപത്യപരമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നല്‍കണം. ദിവസേന പാകിസ്ഥാനെ സുഖിപ്പിക്കുകയാണ് അവര്‍’, അമ്മയെ തന്നെ വിഴുങ്ങുന്ന പെരുമ്പാമ്പിനോടാണ് കോണ്‍ഗ്രസിനെ പത്ര ഉപമിച്ചത്. ജമ്മു കശ്മീര്‍ പോലീസ് ഡിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായതിന് ശേഷമാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ സംശയം ഉന്നയിച്ച് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നത്.

ഭീകരവാദത്തില്‍ മതപരമായ രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്. ഹൈന്ദവ ഭീകരവാദത്തെക്കുറിച്ച് അവര്‍ പറഞ്ഞ വാക്കുകളും നമുക്കറിയാം, പത്ര പറഞ്ഞു. പുല്‍വാമ ആക്രമണത്തിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് സംശയമുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും, നേതാവ് രാഹുലിനെയും ബിജെപി വെല്ലുവിളിച്ചു.

Top