ബിജെപി-ശിവസേന സഖ്യത്തില്‍ വിള്ളല്‍; പകുതി സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റ് ശിവസേനയ്ക്ക് നല്‍കിയില്ലെങ്കില്‍ സഖ്യം പിന്‍വലിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി.

ഇരുപാര്‍ട്ടികളും മുമ്പ് ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ ബിജെപി തയ്യാറാകണമെന്ന് ശിവസേനയുടെ മന്ത്രി ദിവാകര്‍ റാവതെയാണ് ആദ്യം പ്രതികരിച്ചത്. പിന്നാലെ റാവതെയുടെ വാദത്തെ പിന്തുണച്ച് ശിവസേന രാജ്യസഭാ അംഗം സഞ്ജയ് റാവത്തും രംഗത്തെത്തി.

അമിത് ഷായുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സാന്നിധ്യത്തില്‍ തയ്യാറാക്കിയ ധാരണ പാലിക്കാന്‍ ബിജെപി തയ്യാറാകണം. സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിച്ചിട്ടില്ലെന്നും എന്നാല്‍ ദിവാകര്‍ റാവതെ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ബിജെപി കേന്ദ്രനേതൃത്വം മുന്‍കൈയെടുത്താണ് ഇനി വരുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായത്.

Top