മധ്യപ്രദേശില്‍ ബിജെപിക്ക് തിളക്കം; വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആദ്യ ഫല സൂചനകള്‍ വന്നതോടെ തന്നെ ശിവരാജ് സിംഗ് സോഷ്യല്‍ മീഡിയയിലൂടെ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

വോട്ടെണ്ണല്‍ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി മികച്ച ലീഡിങ്ങാണ് ചെയ്യുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ സ്വാധീനത്തിന് മങ്ങലേറ്റിട്ടില്ലെന്നാണ് നിലവിലെ ഫല സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ മധ്യപ്രദേശില്‍ പിന്നിലാണ്.

കോണ്‍ഗ്രസ് വിജയിക്കുമെന്ന് കമല്‍നാഥ് നേരത്തെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. രാവിലെ തപാല്‍ ബാലറ്റുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. താന്‍ ഒരു ട്രെന്‍ഡും കണ്ടിട്ടില്ല. രാവിലെ 11 വരെയുളള ഫലം നോക്കേണ്ടതില്ല. വളരെ ആത്മവിശ്വാസമുണ്ട്. വോട്ടര്‍മാരെ വിശ്വസിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top