വിശാല സഖ്യം; മോദി വിരുദ്ധ നേതാക്കളുമായി മമത ബാനര്‍ജി ചര്‍ച്ച നടത്തി

mamatha

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കുന്ന ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ നേതാക്കളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണിത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയുമായി ചൊവ്വാഴ്ച മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തിയാണ് മമതയെന്നും അവര്‍ തന്റെ പഴയ സഹപ്രവര്‍ത്തകയാണെന്നും രാഷ്ട്രീയത്തെക്കാളും വലുതാണ് രാഷ്ട്രമെന്നും കൂടിക്കാഴ്ചക്കു ശേഷം ശത്രുഘ്നന്‍ സിന്‍ഹ അറിയിച്ചു.

അതേസമയം, ബിജെപിയുടെ നിയന്ത്രണം നരേന്ദ്ര മോദിയില്‍ നിന്ന് അമിത് ഷായിലേക്ക് കൈമാറ്റം ചെയ്യുകയാണെന്ന് അരുണ്‍ ഷോരി കുറ്റപ്പെടുത്തി.

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ തയാറാവണമെന്നും ഉത്തര്‍പ്രദേശില്‍ മായാവതിയുടേയും അഖിലേഷിന്റെയും പാര്‍ട്ടി ശക്തമാണന്നും അതുകൊണ്ട് തന്നെ ബിജെപിക്കെതിരേ സംസ്ഥാനത്ത് അവര്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, വായ്പ തട്ടിപ്പ് എന്നിവയെ തുടര്‍ന്ന് ബിജെപിക്കെതിരേ രാജമൊട്ടാകെ ജനവികാരം ശക്തമാണെന്നും അതുകൊണ്ട് തന്നെ ബിജെപിയെ അധികാരത്തില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Top