“ഒരു മുഖ്യമന്ത്രിക്ക് പ്രിയം സ്വർണ്ണം മറ്റൊരാള്‍ക്ക് ഊർജം സോളാര്‍”-നഡ്ഡ

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും നിശിതമായി വിമർശിച്ച് ബിജെപി ദേശിയാധ്യക്ഷൻ ജെ പി നഡ്ഡ. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വർണത്തോടാണ് പ്രിയം. മറ്റൊരാൾക്ക് സോളാറിൽ നിന്നാണ് ഊർജം ലഭിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും വ്യാപകമായ അഴിമതിയിലാണ്. ഒരു സംസ്ഥാനമെന്ന നിലയിൽ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന് വളരെ മോശമായ പേര് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും നിറഞ്ഞ ഒരു സർക്കാരാണ് പിണറായി സർക്കാർ. സ്ത്രീ-ദളിത് അതിക്രമങ്ങൾ വർദ്ധിച്ചു, ക്രമസമാധാനനില തകർന്നു, കോവിഡ് കൈകാര്യം ചെയ്യാനായി സംസ്ഥാനത്തിന് നൽകിയ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യുകയുമുണ്ടായി’ നഡ്ഡ പറഞ്ഞു.

പ്രധാനമന്ത്രി മോദി ചെയ്യുന്ന നല്ല പ്രവൃത്തികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ കരുതൽ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

Top