മുസ്ലീം വിരുദ്ധ പരാമര്‍ശം: എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബിജെപി

ഡറാഡൂണ്‍: മുസ്ലീങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ബിജെപി. രുദ്രാപുര്‍ എംഎല്‍എ രാജ്കുമാര്‍ തുക്രാലിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

മുസ്ലീങ്ങളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് രാജ്കുമാര്‍ പറയുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.ഒരു മുസ്ലീമിന് മുന്നിലോ മുസ്ലീം പള്ളിക്ക് മുന്നിലോ ഒരിക്കലും തലകുനിക്കില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു. ഹിന്ദുക്കളെ അശുദ്ധമാക്കാനായി വീട്ടിലെത്തുന്നവര്‍ക്ക് മുസ്ലീം സ്ത്രീകള്‍ തുപ്പിയ വെള്ളം കൊടുക്കാറുണ്ട്. അതിനാല്‍ താന്‍ ഒരിക്കലും മുസ്ലീം വീടുകളില്‍ പോകാറില്ലെന്നും എംഎല്‍എ പറയുന്നുണ്ട്. മുസ്ലീങ്ങളെ രാജ്യത്തോട് കൂറില്ലാത്തവരെന്നും രാജ്കുമാര്‍ വിശേഷിപ്പിച്ചു.

എന്നാല്‍ എംഎല്‍എ പറഞ്ഞതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും പാര്‍ട്ടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞു.എല്ലാവര്‍ക്കും സന്തോഷവും ക്ഷേമവും ഉണ്ടാകണമെന്ന ചിന്തയാണ് ബിജെപിക്കുള്ളത്. മോശം വാക്കുകള്‍ ഉപയോഗിച്ച എംഎല്‍എയോട് വിശദീകരണം തേടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അജയ് ഭട്ട് പറഞ്ഞു.

Top