വിവാദ പ്രസ്താവന, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സംഘപരിവാറാണെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്.

കര്‍ണാടക യുവമോര്‍ച്ച സെക്രട്ടറി കരുണാകര്‍ ഖസാലെയാണ് ഗുഹയുടെ പരാമര്‍ശത്തിനെതിരെ നോട്ടിസ് അയച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു ദിവസത്തിനുള്ളില്‍ ഗുഹ നിരുപാധികം മാപ്പുപറയണമെന്നാണ് യുവമോര്‍ച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അപ്രകാരം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

സ്‌ക്രോള്‍ ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് ഗുഹ ആരോപിച്ചത്.

ഗോവിന്ദ് പന്‍സാരെ, ധബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ അതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് ഗൗരിയുടെ കൊലയ്ക്കും പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലും അദ്ദേഹം സമാന പരാമര്‍ശം നടത്തിയിരുന്നു.

അതേസമയം, ഇത്തരം നോട്ടീസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യയില്‍ സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം കുറിച്ചു.

Top