കേരളം പിടിക്കാൻ കേന്ദ്ര മന്ത്രിമാരെ ഇറക്കി ബിജെപി; ലക്ഷ്യം ആറ് മണ്ഡലങ്ങൾ

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ കഴക്കൂട്ടം ഫ്‌ളൈ ഓവറിൽ എത്തിച്ചതിനു പിന്നിൽ ബിജെപിക്ക് ഒരു മിഷൻ ഉണ്ട്. കേരളം പിടിക്കുക എന്നതാന് ആ ദൗത്യം. ബിജെപിക്ക് ജയ സാധ്യത ഉള്ള ലോകസഭ സീറ്റുകളിൽ കേന്ദ്ര മന്ത്രിമാർക്ക് ചുമതല നേരത്ത നൽകിയാണ് ഇത്തവണത്തെ ഓപ്പറേഷൻ. തിരുവനന്തപുരത്തിന്റെ ചുമതല വിദേശകാര്യമന്ത്രി ജയശങ്കറിനാണ്. ജയശങ്കറിന്റെ ആദ്യ റൌണ്ട് മിഷൻ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ട് കണ്ടറിഞ്ഞു വിലയിരുത്തൽ ആണ്.

ജലജീവൻ മിഷൻ, അമൃത് സരോവർ അങ്ങിനെ വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി ഉപഭോക്താക്കളുമായി സംസാരിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. കേന്ദ്ര പദ്ധതികളോട് എങ്ങിനെയാണ് തലസ്ഥാന വാസികളുടെ പ്രതികരണം എന്ന് നോക്കുന്നതിനൊപ്പം പാർട്ടി നേതാക്കളുമായും അണികളുമായും ചർച്ചയും നടത്തി.

തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് ആറ് ലോക്സഭ മണ്ഡലങ്ങളിൽ ആണ് ബിജെപി കേന്ദ്ര മന്ത്രിമാർക്ക് ചുമതല നൽകിയുള്ള പരീക്ഷണം. ആദ്യ റൗണ്ട് സന്ദർശന വിവരങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ച്, പിന്നെ അടുത്ത റൗണ്ടുകൾ എന്നതാണ് ബിജെപിയുടെ ഓപ്പറേഷന്‍ സൌത്തിന്‍റെ രീതി. കേന്ദ്ര പദ്ധതികൾ വഴി കേന്ദ്ര മന്ത്രിമാർ വോട്ട് കൊണ്ട് വരുമെന്നാണ് കണക്ക് കൂട്ടൽ.

തിരുവനന്തപുരത്ത് അടക്കം ബിജെപി ലക്ഷ്യമിടുന്ന കേരളത്തിലെ മറ്റ് അഞ്ചു മണ്ഡലങ്ങളിലെയും വെല്ലുവിളി ആര് മത്സരിക്കും എന്നതാണ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ ജയിച്ച ശശി തരൂർ വീണ്ടും മണ്ഡലം നില നിർത്താൻ ഇറങ്ങും എന്നതിൽ കോൺഗ്രസിൽ സംശയം ഇല്ല. ജയശങ്കർ ആദ്യ റൌണ്ട് കഴിഞ്ഞു മടങ്ങുമ്പോൾ ബിജെപിക്കാരും ആലോചിക്കുന്നത് ആരെ ഇറക്കിയാൽ തലസ്ഥാനം പിടിക്കാം എന്നാണ്.

കഴക്കൂട്ടം ഫ്ലൈഓവറിൽ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് എന്ത് കാര്യമെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. ജയശങ്കർ തിരക്കുകൾ മാറ്റിവെച്ച് ഇവിടെ കഴക്കൂട്ടം ഫ്‌ളൈ ഓവർ നിർമ്മാണം വിലയിരുത്തുന്നതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ബിജെപിയ്ക്കെതിരെ ചോദ്യമുയര്‍ത്തിയത്.

Top