തെരെഞ്ഞെടുപ്പ് 2022; ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തി ഭരണതുടര്‍ച്ച നേടാന്‍ ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. രാഷ്ട്രീയ സാഹചര്യങ്ങളാല്‍ യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിനൊപ്പം ഇത്തവണ ഗോവയും ഉത്തരാഖണ്ഡും ഒപ്പം കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരും ശ്രദ്ധനേടുകയാണ്.

രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങള്‍ക്കൊണ്ടും ചര്‍ച്ചചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനത്ത് 70 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 57 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് നിലവില്‍ ബിജെപി സംസ്ഥാനം ഭരിക്കുന്നത്.

പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണുള്ളത്. 2001 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒന്നിടവിട്ട് കോണ്‍ഗ്രസിനെയും ബിജെപിയും അധികാരത്തിലേറ്റിയതാണ് സംസ്ഥാനത്തിന്റെ ചരിത്രം. ഇത്തവണ അതില്‍ നിന്നും മാറി, അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്രം തിരുത്തി ഭരണതുടര്‍ച്ച നേടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി എന്ന ‘ഡബിള്‍ എഞ്ചിന്‍ മന്ത്ര’ ഉയര്‍ത്തിയാണ് ബിജെപി പ്രചാരണം. എന്നാല്‍ രാഷ്ട്രീയപ്പോരും ഗ്രൂപ്പ് വിവാദവും വിവാദ പ്രസ്താവനകളും കാരണം ഒരു വര്‍ഷത്തിനിടെ മൂന്ന് തവണയാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ ബിജെപി മാറ്റിയത്.

ഇലക്ഷന്‍ അടുത്തതോടെ അത്രയൊന്നും ‘ജനപ്രിയനല്ലെന്ന’ പേരില്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ സ്ഥാനത്ത് നിന്നും നീക്കി പകരം തിരത്ത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ 116 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിനും സ്ഥാനമൊഴിയേണ്ടി വന്നു. നിലവില്‍ പുഷ്‌ക്കര്‍ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്.

ബി.ജെ.പി മാസങ്ങള്‍ക്കുള്ളില്‍ രണ്ടുതവണ മുഖ്യമന്ത്രിമാരെ മാറ്റിയപ്പോള്‍, അധികാരത്തിലെത്താനുള്ള അവസരം തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്ന ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. ബിജെപി ഭരണ വിരുദ്ധ വോട്ടുകള്‍ മുതലാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പഴയ മുതിര്‍ന്ന നേതാവ് യശ്പാല്‍ ആര്യയെ ബിജെപി പാളയത്ത് നിന്നും തിരികെയെത്തിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ കര്‍ഷക പ്രക്ഷോഭം ബിജെപിക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല.

 

Top