“സുരേഷ് ഗോപിയുടെ ശക്തന്‍ മാർക്കറ്റ് നവീകരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം”; ബിജെപി

തൃശൂർ : മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റിനായി അനുവദിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതി അട്ടിമറിക്കാന്‍ തൃശൂർ കോര്‍പറേഷൻ ശ്രമിക്കുന്നെന്ന് ബിജെപിയുടെ ആരോപണം. എന്നാൽ, പ്രഖ്യാപിച്ച പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും ബിജെപിയുടെ പരാതിയില്‍ വസ്തുതയില്ലെന്നും കോര്‍പറേഷന്‍ നേതൃത്വം വ്യക്തമാക്കി.

ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി എംപി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ സുരേഷ് ഗോപി അനുവദിച്ചിരുന്നു. പുതിയ കുടിവെള്ള ടാങ്കുകളും ശുചിമുറിയും നിര്‍മിക്കാനായിരുന്നു പദ്ധതി. രണ്ടു കെട്ടിടങ്ങളാണ് ഇതിനു വേണ്ടി നിര്‍മിക്കേണ്ടത്. ഒരു കെട്ടിടത്തിന്റെ പണി പകുതി പൂർത്തിയായി. അടുത്ത കെട്ടിടം വേണ്ടെന്ന് കരാറുകാരനോട് കോര്‍പറേഷന്‍ നേതൃത്വം പറഞ്ഞെന്നാണ് ബിജെപിയുടെ ആരോപണം.

ബിജെപി ജില്ലാ ഭാരവാഹികളും കൗണ്‍സിലര്‍മാരും മാര്‍ക്കറ്റില്‍ എത്തി ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ബിജെപിയുടെ ആരോപണങ്ങള്‍ കോര്‍പറേഷന്‍ നേതൃത്വം നിഷേധിച്ചു. രണ്ടു കെട്ടിടങ്ങളും പണിയും. ബിജെപിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ എസ്റ്റിമേറ്റ് പ്രകാരം കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കോര്‍പറേഷന്‍ നേതൃത്വം വ്യക്തമാക്കി.

Top