ശബരിമല: വിധി അനുകൂലമാകുമെന്ന് പ്രതീക്ഷ; എതിരായാല്‍ ഭരണഘടനാ മാര്‍ഗ്ഗം തേടുമെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നാളെ പുറത്തുവരാനിരിക്കുന്ന സുപ്രീംകോടതി വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ബിജെപി. വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗം തേടുമെന്നും ബിജെപി വ്യക്തമാക്കി. വിശ്വാസങ്ങളെ മാനിക്കുന്ന വിധിയാണ് അയോധ്യക്കേസില്‍ ഉണ്ടായതെന്നു ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞു.

കോടതി വിധി എന്താണെങ്കിലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹര്‍ജികളില്‍ നാളെയാണ് സുപ്രീകോടതി വിധി പറയുന്നത്.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടന ബഞ്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ച് അംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Top