ദില്ലി : ബംഗലുരുവില്‍ പ്രതിപക്ഷം തന്ത്രങ്ങള്‍ മെനയുമ്പോള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മറുതന്ത്രമൊരുക്കാന്‍ നാളെ എന്‍ഡിഎ യോഗം. ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. മോദിയുടെ വികസന അജണ്ടകളിൽ എല്ലാ പാർട്ടികൾക്കും താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാർട്ടികൾ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എൻഡിഎ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും നദ്ദ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമർശനം നദ്ദ പൂർണമായും തള്ളി. കേന്ദ്ര ഏജൻസികൾ സ്വാതന്ത്രരാണ്. ഇത് ജനാധിപത്യ രാജ്യമാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസ് തെറ്റായ കേസാണോ എന്ന ചോദ്യമുയർത്തിയ അദ്ദേഹം, കോടതി തെറ്റായ കേസാണെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. അകറ്റി നിര്‍ത്തിയിരുന്ന പല കക്ഷികളേയും ദേശീയ അധ്യക്ഷന്‍ തന്നെ യോഗത്തിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ ആത്മവിശ്വാസം അതിര് കടന്നതോടെ എന്‍ഡിഎ ഏറെക്കുറെ ശിഥിലമായിരുന്നു. പാറ്റ്ന യോഗത്തെ പ്രതിപക്ഷനാടകമെന്നും, ഫോട്ടോ സെഷന്‍ എന്നുമൊക്കെ പരിഹസിച്ച് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ഐക്യനിരയില്‍ കക്ഷികളുടെ എണ്ണം കൂടി തുടങ്ങിയതോടെ കളികാര്യമാകുകയാണെന്ന് ബിജെപി തിരിച്ചറിഞ്ഞു.
ദില്ലി ഓര്‍ഡിനന്‍സില്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച നടക്കും. വെഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ രാജ്യസഭ ബില്‍ രാജ്യസഭ കടക്കുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. രണ്ട് പാര്‍ട്ടികളും പ്രതിപക്ഷ ഐക്യത്തോട് സഹകരിക്കുന്നില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നും എതിര്‍പ്പുയരുന്നതിനാല്‍ ഏക സിവില്‍കോഡ് ചര്‍ച്ചക്കെടുത്തേക്കില്ല. മണിപ്പൂരടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായ വിഷയങ്ങളില്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രതിപക്ഷം കൂടുതല്‍ കരുത്തു കാട്ടുമെന്നതിനാല്‍ അതിനെ ചെറുക്കാനുള്ള മറു തന്ത്രങ്ങളും മെനയും.










