ശരണം വിളിയുമായി ബിജെപി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. .

bjp karnataka

കൊച്ചി:ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. ശബരിമല രണ്ടാംഘട്ട സമരത്തിനൊപ്പം എന്‍ഡിഎ നേതൃത്വം മഞ്ചേശ്വരം-ലോക്‌സഭാ മത്സരങ്ങളിലേയ്ക്ക് കൂടി കണ്ണുനീട്ടുകയാണ്. ശബരിമലയിലെ യുവതിപ്രവേശനത്തില്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ആത്മവിശ്വാസമാണ് ബിജെപി നേതൃത്വത്തിന് പ്രേരണയാകുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം അടക്കം രണ്ടാംഘട്ട സമരം കൂടുതല്‍ ശക്തമാക്കാനാണ് ബിജെപിയുടെയും എന്‍ഡിഎയുടെയും തീരുമാനം.

സമരത്തിനൊപ്പം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനും ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഉള്ള തയ്യാറെടുപ്പുകളും എന്‍ഡിഎ നേതൃത്വം നടത്തും. അതിനാല്‍, സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തന്നെയാകും സ്ഥാനാര്‍ത്ഥി. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുതെന്ന നിര്‍ബന്ധവും പാര്‍ട്ടിക്കുണ്ട്. അതിനാല്‍ തന്നെ ഇവിടെ ദേശീയ നേതാക്കള്‍ക്കും സംഘ പ്രചാരകന്മാര്‍ക്കുമായിരിക്കും തെരഞ്ഞെടുപ്പ് ചുമതല നല്‍കുക.

Chennai: Devotees participate in an agitation against the Supreme Court's verdict on Sabarimala Temple, in Chennai, Friday, Oct. 12, 2018. (PTI Photo)  (PTI10_12_2018_1000150B)

ബിഡിജെഎസ്സുമായി പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി നടത്തി. പിസി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്സിനും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പിഎസ്പി, എന്‍ഡിഎയുടെ ഘടകകക്ഷിയായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും അവര്‍ക്ക് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു പാര്‍ല്ലമെന്റ് സീറ്റ് എങ്കിലും അവര്‍ക്ക് നല്‍കണമെന്ന ആവശ്യം ബിജെപിയിലെയും ബിഡിജെഎസ്സിലെയും നേതാക്കള്‍ക്കുണ്ട്.

sabarimala

എന്നാല്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്ന എന്‍ഡിഎ യോഗത്തില്‍ സീറ്റ് ആവശ്യം ഉന്നയിക്കാനാണ് പിഎസ്പിയുടെ തീരുമാനം. എന്തായാലും പാര്‍ല്ലമെന്റ് മണ്ഡല തലത്തില്‍ പ്രവര്‍ത്തക യോഗം വിളിച്ച് ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കാണ് ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം. ശബരിമലയിലെ പ്രതിഷേധത്തിന്റെ ഗുണം ലഭിക്കുന്ന തരത്തിലേക്ക് പാര്‍ട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന പൊതു അഭിപ്രായമാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്.

Top