ശബരിമല സ്ത്രീപ്രവേശനത്തില്‍ അഭിപ്രായം വ്യക്തമാക്കി സ്മൃതി ഇറാനി

smriti irani

ന്യൂഡല്‍ഹി: ശബരിമല സത്രീപ്രവേശന വിഷയത്തില്‍ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവ രക്തത്തില്‍ മുക്കിയ നാപ്കിനുമായി നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകില്ലല്ലോ. ഇത് തന്നെയാണ് ശബരിമല വിഷയത്തില്‍ എന്റെ നിലപാട്. സാമാന്യ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ ഇതെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുംബൈയില്‍ വെച്ച് നടന്ന യങ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

“ഞാനൊരു ഹിന്ദുവാണ്. വിവാഹം കഴിച്ചിരിക്കുന്നത് ഒരു പാഴ്‌സിയേയും. എന്റെ രണ്ട് മക്കളും സൊരാഷ്ട്രിയന്‍ വിശ്വാസങ്ങള്‍ പിന്തുടരുന്നുവെന്ന് ഞാന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്റെ ചെറിയ കുഞ്ഞുമായി അന്തേരിയിലെ ഒരു തീ ക്ഷേത്രത്തില്‍ പോയപ്പോള്‍ എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവരുടെ ക്ഷേത്രത്തില്‍ പോകുമ്പോള്‍ അകത്ത് പ്രവേശിപ്പിക്കാത്തതിനാല്‍ താന്‍ പുറത്ത് നില്‍ക്കുകയോ കാറില്‍ ഇരിക്കുകയോ ചെയ്യാറാണ് പതിവ്‌” മന്ത്രി പറഞ്ഞു.

മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിലും അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രധാന പ്രചരണ ആയുധമാക്കാനാണ് ബിജെപി ശ്രമം. ഇതിനു ആവശ്യമായ എല്ലാം നിര്‍ദ്ദേശങ്ങളും കേന്ദ്രകമ്മറ്റി നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ അതിശക്തമാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചത് ശുഭ സൂചനയായിട്ടാണ് നേതൃത്വം
വിലയിരുത്തുന്നത്.

Top