ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു; ഭക്തരോടുള്ള ചതിയെന്ന് പിഎസ് ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Top