മലേഗാവ് സ്ഫോടനം; ആരോഗ്യപ്രശ്നം കാട്ടി ജാമ്യത്തിലിറങ്ങി ബിജെപി എംപിയുടെ കബഡി കളി

ഭോപ്പാല്‍: ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടനക്കേസ് പ്രതി ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍ കബഡി കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്വന്തം മണ്ഡലമായ ഭോപ്പാലില്‍ വനിതാ താരങ്ങള്‍ക്കൊപ്പമാണ് പ്രഗ്യാ സിങ് കബഡി കളിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പ്രഗ്യാ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എപ്പോഴാണ് എന്‍ഐഎ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് ശ്രീനിവാസ് വീഡിയോ പങ്കുവെച്ചുകൊണ്ട് പരിഹസിച്ചു.

ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏറെ തവണയായി കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു പ്രഗ്യാ സിങ്. അതിനിടെയാണ് എംപി താരങ്ങള്‍ക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് താക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല.

നേരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

Top