കേരളത്തിലെ സംഘപരിവാർ അണികളെ സംരക്ഷിക്കാൻ ദേശീയ ഘടകം രംഗത്ത്

രണമില്ലെങ്കിലും ഒരു സീറ്റില്ലെങ്കിലും വിജയിച്ചില്ലെങ്കിലും പ്രശ്‌നമില്ല . . . എന്നാലും കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിങ്ങള്‍ നില്‍ക്കുക, ബി.ജെ.പി ദേശീയ നേതൃത്വത്തിന് ആര്‍.എസ്.എസ് ആസ്ഥാനം നല്‍കിയ നിര്‍ദ്ദേശമാണിത്.

ശബരിമല വിഷയത്തില്‍ സംസ്ഥാന ഭരണം ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന പ്രതികാര നടപടി ചെറുക്കാന്‍ മുന്നിട്ടിറങ്ങാനാണ് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും മറ്റു കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ വരുന്നതോടെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം.

നൂറ് കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി പൊലീസ് റെയ്ഡ് തുടരുകയുമാണ്.

ബി.ജെ.പി എം.പിയായ വി.മുരളീധരന്റെ കുടുംബ വീടിനു നേരെ നടന്ന ആക്രമണത്തെയും ദേശീയ നേതൃത്വം ഗൗരവമായാണ് കാണുന്നത്.സി.പി.എം എം.എല്‍.എ ഷംസീറിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിന്റെ തൊട്ടു പിന്നാലെ ആയിരുന്നു ഈ ആക്രമണം നടന്നിരുന്നത്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരും വരെ കാത്തു നില്‍ക്കാതിരുന്നതും ഗൗരവമായി തന്നെയാണ് ആര്‍.എസ്.എസ് നേതൃത്വം കാണുന്നത്.

യുവതികളെ പൊലീസ് അകമ്പടിയില്‍ ദര്‍ശനം നടത്തിച്ച് പ്രതിഷേധം ക്ഷണിച്ചു വരുത്തിയതിനു പിന്നിലെ അജണ്ടയാണ് യഥാര്‍ത്ഥത്തില്‍ പുറത്ത് വരേണ്ടതെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹൈന്ദവ വോട്ട് ബാങ്കില്‍ ഭിന്നതയുണ്ടാക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുകയും ചെയ്യുക എന്ന തന്ത്രം ഇതിനു പിന്നിലുണ്ടെന്നാണ് പ്രധാന ആരോപണം.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.എമ്മിന്റെ രാജ്യത്തെ ഏക ശക്തി കേന്ദ്രത്തില്‍ കൂടി തകര്‍ന്നടിയുമെന്ന് പേടിച്ചിട്ടാണ് ഈ രാഷ്ട്രിയ കളിയെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

RSS , BJP ,Narendra Modi

ശബരിമലയില്‍ യുവതികള്‍ കയറുന്നതിന് അനുകൂലമായി തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനു മേലാണ് സംഘര്‍ഷത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കാവിപ്പട കെട്ടിവയ്ക്കുന്നത്.

ഹര്‍ത്താല്‍ പൊളിക്കാന്‍ രാഷ്ട്രീയ പ്രേരിതമായി രംഗത്തിറങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നടപടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന ആവശ്യവും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഒരു എസ്.പിയുടെ ഇത്തരത്തിലുള്ള വയര്‍ലെസ് സന്ദേശം പുറത്തായ സാഹചര്യത്തിലാണ് ഈ ആവശ്യം.

സംഘടിതമായി ഹര്‍ത്താല്‍ അനുകുലിക്കള ആക്രമിക്കാന്‍ പൊലീസും സി.പി.എമ്മും ശ്രമിച്ചതായാണ് ശബരിമല കര്‍മ്മസമിതിയും ആരോപിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആത്യന്തികമായി പിണറായി സര്‍ക്കാറിനെ പിരിച്ച് വിടുക എന്നതാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ ശബരിമല വിഷയത്തിലെ ആക്രമണ സംഭവങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി ഇത്തരമൊരു നടപടി സാധ്യമല്ല.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണ്ണര്‍ സദാശിവത്തില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിനു സഹായകരമായ റിപ്പോര്‍ട്ട് ലഭിക്കാനുള്ള സാധ്യതയും വിരളമാണ്.

ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിനെ പാഠം പഠിപ്പിക്കാന്‍ ആര്‍.എസ്.എസ് അനുഭാവമുള്ളയാളെ ഗവര്‍ണ്ണറാക്കി നിയമിക്കണമെന്ന ആവശ്യവും ആര്‍.എസ്. എസ് ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് ബി.ജെ.പി ഉന്നയിച്ച് പരാജയപ്പെട്ട ഈ വിഷയത്തില്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വം തന്നെ ഇടപെട്ടേക്കുമെന്നാണ് സൂചന. എന്തു തന്നെ വന്നാലും കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടാന്‍ സമ്മതിക്കില്ലന്ന ഉറച്ച നിലപാടിലാണ് ആര്‍.എസ്.എസ് ദേശീയ നേതൃത്വം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതിനും ഏറെ പ്രിയപ്പെട്ട പ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രിയായി അധികാരമേറ്റ വിജയം കേരളത്തിലെ സംഘപരിവാര്‍ ബലിദാനികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതായാണ് മോദി പറഞ്ഞിരുന്നത്. അനുയായികളുടെ മറ്റൊരു യോഗത്തില്‍ കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ടു പഠിക്കാനും മോദി തുറന്നു പറയുകയുണ്ടായി.

രാജ്യത്ത് ഏറ്റവും അധികം ശാഖകളും ബലിദാനികളും ആര്‍.എസ്.എസിനുള്ളത് കേരളത്തിലാണ്. ഒരു സീറ്റു പോലും സംസ്ഥാനത്തില്ലാതിരുന്ന കാലത്തും സ്വന്തം ഉയിര് കൊടുത്ത് കാവിപടക്ക് കരുത്തേകിയ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്. ഇതു തന്നെയാണ് ദേശീയ നേതൃത്വത്തിന് കേരള ഘടകത്തെ പ്രിയപ്പെട്ടതാക്കുന്നത്.

ഒ.രാജഗോപാലിലൂടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ കേരളത്തില്‍ ലഭിച്ചത്.

പാര്‍ലമെന്ററി രാഷ്ട്രിയത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞിരിന്നില്ലങ്കിലും നിരവധി വര്‍ഷങ്ങളായി സംഘടനാപരമായ കരുത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു സംഘ പരിവാര്‍ സംഘടനകള്‍.

2014-ലെ ലോകസഭ തിരഞ്ഞെടുപ്പ് മുതലാണ് ആര്‍.എസ്.എസ് കേരളത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇറങ്ങിയിരുന്നത്. അതുവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമാണ് രംഗത്തുണ്ടായിരുന്നത്.ബി.ജെ.പിയുടെ രാഷ്ട്രിയ മുന്നേറ്റത്തിന് കേഡര്‍ സംഘടനാ സംവിധാനം ഉപയോഗിച്ച് വഴി ഒരുക്കുക എന്നതാണ് ആര്‍.എസ്.എസ് തന്ത്രം.

2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് ഉള്‍പ്പെടെ ചിലത് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം സംഘ പരിവാര്‍ നേതൃത്വത്തിന് ഇപ്പോഴുണ്ട്. ശബരിമല യുവതീ പ്രവേശനം കേരളത്തിലെ ഹൈന്ദവ സമൂഹത്തിനിടയില്‍ ബി.ജെ.പിക്ക് അനുകൂലമായ വികാരമുയരാന്‍ കാരണമായതായാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

political reporter

Top