നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റമില്ല; സുരേന്ദ്രനെതിരെ ഒളിയമ്പുമായി ശോഭ

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല, പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ലെന്ന് ശോഭ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവും ശോഭ നടത്തിയിട്ടുണ്ട്. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും, ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാല്‍, ഞാന്‍ ജീവനെപ്പോലെ സ്‌നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു, അവ കലര്‍പ്പില്ലാത്ത സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം. എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.

Top