ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പ്രഖ്യാപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ പത്പര്‍ഗഞ്ചില്‍ രവി നേഗി മത്സരിക്കും.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നേരിടുന്നത് ആരാവുമെന്ന് ബിജെപി ഇനിയും വ്യക്തമാക്കിയിട്ടില്ല. കെജ്രിവാളിനെതിരെ നിര്‍ഭയയുടെ അമ്മ ആശ ദേവിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ കെജ്രിവാളിനെതിരെ മത്സരിക്കില്ലെന്ന് നിര്‍ഭയയുടെ അമ്മ വ്യക്തമാക്കിയതോടെ ആ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.

വിജേന്ദര്‍ ഗുപ്ത രോഹിണിയില്‍ ജനവിധി തേടും. എഎപി മുന്‍ എംഎല്‍എ കപില്‍ മിശ്ര മോഡല്‍ ടൗണില്‍ മത്സരിക്കും.ബിജെപി പ്രഖ്യാപിച്ച 57 സ്ഥാനാര്‍ഥികളില്‍ 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. നാലുപേര്‍ വനിതകളുമാണ്.

ആം ആദ്മി പാര്‍ട്ടി ബുധനാഴ്ച 70 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. എഎപിയും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചശേഷം പട്ടിക പുറത്തിറക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.

Top