ഗവർണ്ണറല്ല . . . ടി.പി.സെൻകുമാറിനെ ഉപദേശകനാക്കണമെന്നാണ് ശുപാർശ !

സംസ്ഥാന മുന്‍ പൊലീസ് മേധാവി സെന്‍കുമാറിനെ ചൊല്ലി സംഘ പരിവാറിലും പരക്കെ ആശയകുഴപ്പം.

സെന്‍കുമാറിനെ ഗവര്‍ണ്ണറായി നിയമിക്കുമെന്ന വാര്‍ത്തക്ക് ഒരു അടിസ്ഥാനവുമില്ലന്നാണ് സംഘപരിവാര്‍ നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം കേരള ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി സെന്‍കുമാറിനെ നിയമിക്കാനുള്ള സാധ്യത ബി.ജെ.പി- ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നുമില്ല.

ജമ്മു കശ്മീരില്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി മുന്‍ തമിഴ്‌നാട് ഡി.ജി.പി വിജയകുമാറിനെ നിയമിച്ചതു പോലെ സെന്‍കുമാറിനെ കേരള ഗവര്‍ണ്ണറുടെ ഉപദേഷ്ടാവാക്കണമെന്ന നിര്‍ദ്ദേശം ആര്‍.എസ്.എസ് നേതൃത്വമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ആയതിനാല്‍ സദാശിവത്തിന് സംസ്ഥാന സര്‍ക്കാറിന്റെ നടപടികളെ ശക്തമായി ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്.

സദാശിവത്തെ മറ്റേതെങ്കിലും സംസ്ഥാത്തേക്ക് മാറ്റി പുതിയ ഒരു ഗവര്‍ണ്ണറെ കേരളത്തില്‍ ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് നിയമിക്കണമെന്നതാണ് ആര്‍.എസ്.എസ് കേരള ഘടകം ആഗ്രഹിക്കുന്നത്. ഇക്കാര്യം നാഗ്പൂരിലെ സംഘം ആസ്ഥാനത്തെയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ അടക്കം നിരവധി സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ശക്തമായ നടപടി പിണറായി സര്‍ക്കാര്‍ തുടരുന്നതുമാണ് സംഘപരിവാര്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശക്തനായ ഗവര്‍ണ്ണറോ അല്ലങ്കില്‍ ഉപദേഷ്ടാവ് തന്നെയോ വേണമെന്നതാണ് ആവശ്യം.

കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ക്ക് നിരന്തരം ബന്ധപ്പെടാനും ഗവര്‍ണ്ണറെ തങ്ങളുടെ താല്‍പ്പര്യം ബോധ്യപ്പെടുത്തി ഇടപെടുവിക്കുവാനും സെന്‍കുമാര്‍ ഉപദേഷ്ടാവായി എത്തിയാല്‍ എളുപ്പത്തില്‍ കഴിയുമെന്ന പ്രതീക്ഷയും ആര്‍.എസ്.എസ് കേരള ഘടകത്തിനുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ തിരിച്ച് സംസ്ഥാന പൊലീസ് മേധാവിയായി റിട്ടയര്‍ ചെയ്ത ടി.പി സെന്‍കുമാറിന് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ദേഷ്യം ഉപയോഗപ്പെടുത്തണമെന്നു തന്നെയാണ് കാവിപ്പടയിലെ പൊതുവികാരം. അമിത് ഷാ തലസ്ഥാനത്ത് എത്തിയപ്പോള്‍ സെന്‍കുമാര്‍ നേരിട്ട് സന്ദര്‍ശിച്ചത് മുതല്‍ അദ്ദേഹത്തിന്റെ പുതിയ പദവിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

എന്നാല്‍ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തില്‍മേല്‍ കടന്നു കയറാനുള്ള ഏത് നീക്കത്തിനെതിരെയും ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനും സി.പി.എമ്മിനും ഉള്ളത്.

കേരള ഗവര്‍ണ്ണര്‍ സംഘപരിവാര്‍ അജണ്ടക്ക് കൂട്ട് നില്‍ക്കാത്തത് കൊണ്ടാണ് പുതിയ നീക്കം ആര്‍.എസ്.എസ് നടത്തുന്നതെന്നും ഇക്കാര്യത്തില്‍ തീരുമാനമായാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നുമാണ് നേതാക്കളുടെ പ്രതികരണം.

പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ഇത് രണ്ടാം തവണയാണ് ഗവര്‍ണ്ണര്‍ മാറ്റത്തിന് കേരളത്തിലെ സംഘപരിവാര്‍ നേതൃത്വം ചരടുവലിക്കുന്നത്.

ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായിയെ കേരളത്തിന് പുറത്ത് തടയുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഭീഷണി വകവയ്ക്കാതെ അദ്ദേഹം മാംഗ്ലൂര്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്തിയാണ് മറുപടി നല്‍കിയത്.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്ത ജാഥ നടത്തിയും ദേശീയ തലത്തില്‍ പ്രചരണം സംഘടിപ്പിച്ചും പിണറായി സര്‍ക്കാറിനെതിരെ ബി.ജെ.പി രംഗത്തു വരികയുണ്ടായി. ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തിനു നേരെയും ആക്രമണമുണ്ടായി.

കേരളത്തില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി പ്രവര്‍ത്തകര്‍ വധിച്ച സി.പി.എം പ്രവര്‍ത്തകരുടെ ഫോട്ടോകള്‍ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇതിനെ രാഷ്ട്രീയമായി സി.പി.എം നേരിട്ടിരുന്നത്.

ഇപ്പോള്‍ ശബരിമല വിഷയത്തോടെ പഴയ ശത്രുത വീണ്ടും തേച്ച് മിനുക്കി സംസ്ഥാന സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ ദേശീയ തലത്തില്‍ തന്നെ പ്രചരണം അഴിച്ചു വിട്ടിരിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. ഈ നീക്കത്തിന്റെ ഭാഗമാണ് ഗവര്‍ണ്ണര്‍ നിയമനം സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

ഗവര്‍ണ്ണര്‍ സദാശിവത്തിന് പകരം വരുന്നയാള്‍ ശക്തനല്ലങ്കില്‍ പിണറായിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലന്ന തിരിച്ചറിവും സംഘപരിവാര്‍ നേതൃത്വത്തിനുണ്ട്.

ഗവര്‍ണ്ണറെ മാറ്റുകയാണെങ്കില്‍ സംഘപരിവാറില്‍ പ്രവര്‍ത്തിച്ച ശക്തനായ നേതാവിനെ തന്നെ പരിഗണിക്കണമെന്നതാണ് ആവശ്യം. ആര് വന്നാലും തുടര്‍ന്നാലും സെന്‍കുമാറിനെ സുരക്ഷാ ഉപദേഷ്ടാവ് ആക്കണമെന്ന കാര്യത്തില്‍ പരിവാര്‍ നേതൃത്വത്തില്‍ ഏകാഭിപ്രായമാണുള്ളത്.

റിപ്പോര്‍ട്ട് : അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top