ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉടക്കി നിൽക്കുന്ന ശോഭാ സുരേന്ദ്രനെ അനുയിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി. കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാനനേതൃത്വം ശോഭയുമായുള്ള ചർച്ചക്കായി എ എൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ഇന്നോ നാളെയോ സമവായചർച്ച നടക്കുമെന്നാണ് സൂചന. അടുത്തയാഴ്ച ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നത് അച്ചടക്കലംഘനമായി ഉന്നയിച്ച് ശോഭക്കെതിരായ നടപടിക്കായിരുന്നു നീക്കം. ശോഭ പാർട്ടി വിട്ടേക്കുമെന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നു.

പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭയെ പോലുള്ള നേതാവിനെ ഒപ്പം നിർത്താനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശം.ആർഎസ്എസിനും സമാനനിലപാടാണുള്ളത്. ഈ സാഹചര്യത്തിലാണ് എ എൻ രാധാകൃഷ്ണനെ സമവായദൗത്യത്തിനായി നിയോഗിച്ചത്. കോർകമ്മിറ്റിയിലെ സ്ഥാനം അടക്കമുള്ള ആവശ്യങ്ങൾ ശോഭ എ എൻ രാധാകൃഷ്ണനുമായുള്ള ചർച്ചയിലാവശ്യപ്പെടും. മുതിർന്ന നേതാക്കൾക്ക് വേണ്ട പരിഗണന വേണമെന്നും പറയും.

Top