BJP ready to cooperate with Mani Group;and expecting their consent

ന്യൂഡല്‍ഹി: എസ്എന്‍ഡിപിയുമായി ചേര്‍ന്ന് വിശാല ഹിന്ദു സഖ്യത്തോടൊപ്പം കെ.എം മാണിയെ കൂട്ടുപിടിക്കാന്‍ ബിജെപി നീക്കം.

ജോസ്. കെ മാണി എം.പിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് ബിജെപി കേന്ദ്ര നേതൃത്വം കരുക്കള്‍ നീക്കുന്നത്. ബംഗാള്‍ മോഡലില്‍ കേരളത്തില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ വിശ്വസിക്കാവുന്ന സഖ്യകക്ഷിയായാണ് മാണിയെ കാണുന്നത്.

മാണിയെ നേരത്തെ ബിജെപി സര്‍ക്കാര്‍ ധനമന്ത്രിമാരുടെ ചെയര്‍മാനാക്കിയിരുന്നു. യുപിഎ സര്‍ക്കാരില്‍ മകന്‍ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിയാക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടതാണ് മാണി. മാണിക്ക് ഒരു ലോക്‌സഭാ എം.പിയും ഒരു രാജ്യസഭാ എം.പിയുമുണ്ട്.

വെള്ളാപ്പള്ളി നടേശനിലൂടെ ഈഴവവോട്ടും മാണിയിലൂടെ ക്രിസത്യന്‍വോട്ടും അനുകൂലമാക്കാമെന്ന കണക്കുകൂട്ടലാണ് കേന്ദ്ര നേതൃത്വത്തിന്. ബിജെപി അധ്യക്ഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് മാണിക്കെതിരെ സമരം ചെയ്ത ബിജെപി സംസ്ഥാന നേതൃത്വം നിലപാടു മാറ്റി മാണിയെ സഖ്യത്തിനു ക്ഷണിച്ചത്.

2004ല്‍ മാണിയുമായി ഇടഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പി.സി തോമസിനെ മൂവാറ്റുപഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ച് ബിജെപി വാജ്‌പേയി മന്ത്രി സഭയില്‍ കേന്ദ്ര നിയമസഹമന്ത്രിയായിരുന്നു. അന്ന് മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെയാണ് തോമസ് പരാജയപ്പെടുത്തിയത്.

ബാര്‍ കോഴക്കേസില്‍ അപമാനിതനായി രാജിവെക്കേണ്ടി വന്ന മാണി, കോണ്‍ഗ്രസുമായി ശത്രുതയിലാണ്. അഴിമതിക്കാരനായി മുദ്രകുത്തിയതിനാല്‍ എല്‍ഡിഎഫില്‍ എടുക്കുകയുമില്ല. അതിനാല്‍ നിലനില്‍പ്പിന് ബിജെപി പിന്തുണ മാണിക്ക് സഹായകരമാണ്.

മധ്യതിരുവിതാംകൂറില്‍ ബിജെപി വോട്ടും എന്‍എസ്എസിന്റെ സഹകരണവുമുണ്ടായാല്‍ പത്തിലധികം എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കാന്‍ മാണിക്ക് പ്രയാസമുണ്ടാകില്ല. ബിജെപിയുടെ സഖ്യക്ഷണം ഇപ്പോള്‍ നിരസിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യത തള്ളിക്കളയാന്‍ മാണി കേരള കോണ്‍ഗ്രസ് തയ്യാറാല്ല.

Top