അവര്‍ക്ക് പൗരത്വം നല്‍കണം; മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം കുത്തിപ്പൊക്കി ബിജെപി

manmohan-singh

പൗരത്വ നിയമത്തിന്റെ പേരില്‍ നാലുപാട് നിന്നും അക്രമം നേരിടുകയാണ് ഭരണപക്ഷമായ ബിജെപി. പ്രതിരോധിക്കാന്‍ പല ന്യായീകരണങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മറ്റ് പാര്‍ട്ടിക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഫലം കൊയ്യാന്‍ ഇറങ്ങിയതോടെ ബിജെപി പ്രതിരോധത്തിലാണ്. പ്രതിഷേധം ആളിക്കത്തിക്കാന്‍ പരമാവധി തീകോരി ഇടുന്ന കോണ്‍ഗ്രസിന് മറുപടി നല്‍കാന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം തന്നെ കുത്തിപ്പൊക്കി പുറത്തിട്ടിരിക്കുകയാണ് ബിജെപി.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നേടാനാണ് ഈ വിഷയത്തെ അനുകൂലിച്ച് സംസാരിച്ച മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭയിലെ പഴയ പ്രസംഗം ബിജെപി പുറത്തുവിട്ടത്. വിഭജനത്തിന് ശേഷം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടലിന് ഇരയാകുന്നതായി 2003ലെ പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു.

‘ബംഗ്ലാദേശ്, പാകിസ്ഥാന്‍ പോലുള്ള അയല്‍രാജ്യങ്ങളില്‍ വേട്ടയാടലിന് വിധേയരാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ലഭ്യമാക്കാന്‍ വിശാലമനസ്‌കത കാണിക്കണം’, സിംഗ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതെന്ന് ബിജെപി വീഡിയോക്കൊപ്പം കുറിച്ചു.

മതപരമായ വേട്ടയാടലും, പീഡനവും ഭയന്ന് സ്വദേശങ്ങളില്‍ നിന്നും രക്ഷപ്പെട്ട് എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കാനാണ് നിയമം അനുശാസിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ട ഈ വിശാലമനസ്‌കത കാണിച്ചതിനെ ഇപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് എന്തിനെന്നാണ് ബിജെപിയുടെ മറുചോദ്യം.

Top