സാധ്വി പ്രഗ്യയ്ക്ക് താക്കീത് നല്‍കി ബി.ജെ.പി: പൊതുവേദിയില്‍ പ്രസംഗിക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഭോപ്പാല്‍ എം.പി സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെ താക്കീത് ചെയ്ത് ബി.ജെ.പി. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ പ്രഗ്യാ സിങ് പൊതുവേദികളില്‍ പ്രസംഗിക്കുന്നതില്‍ നിന്നും പാര്‍ട്ടി കേന്ദ്രനേതൃത്വം വിലക്കിയിട്ടുണ്ട്.

പ്രതിപക്ഷം ദുഷ്ടശക്തികളെ പ്രയോഗിക്കുന്നതുകൊണ്ടാണ് പ്രമുഖ ബി.ജെ.പി നേതാക്കള്‍ മരണപ്പെട്ടതെന്ന പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

മുന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് പ്രഗ്യാ സിങ് ഇത്തരത്തില്‍ പ്രതികരിച്ചത്. പൊതുയിടങ്ങളില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും ബിജെപി പ്രഗ്യയെ താക്കീത് ചെയ്തിട്ടുണ്ട്.

മുംബൈ ഭീരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം കിട്ടിയതുകൊണ്ടാണെന്നും പ്രഗ്യാ സിങ് നേരത്തെ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവേളകളിലുള്‍പ്പെടെ ഒട്ടനവധി തവണ പ്രഗ്യ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നേരത്തെ തന്റെ മണ്ഡലത്തിലെ ജനങ്ങളുമായി സംവധിക്കുമ്പോള്‍ ശോചനാലയം വൃത്തിയാക്കാനല്ല താന്‍ എം.പിയായത് എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പ്രഗ്യ നടത്തിയിരുന്നു.

അന്ന് ബിജെപി ആസ്ഥാനത്തേക്ക് നേരിട്ട് വിളിപ്പിച്ചാണ് ഇവരെ താക്കീത് ചെയ്തത്. ഇതിന് പിന്നാലെയാണ് പൊതുവേദികളില്‍ സംസാരിക്കുന്നതിനും പ്രഗ്യയ്ക്ക് പാര്‍ട്ടി നേതൃത്വം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Top