മനിതി സംഘം എത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: മനിതി സംഘം എത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സംഘം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മനിതി സംഘം ഭക്തരാണോ എന്ന കാര്യം അറിയില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പ്രതിഷേധം ശക്തമായതോടെ മനിതി സംഘം ശബരിമലയില്‍ നിന്നു മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സംഘം സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍, ശബരിമല ദര്‍ശനത്തിനായി വീണ്ടുമെത്തുമെന്ന് മനിതി സംഘം അറിയിച്ചിട്ടുണ്ട്. പൊലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയാണെന്നും സംഘം പറഞ്ഞു.

യുവതികള്‍ വന്ന സാഹചര്യത്തില്‍ നിലയ്ക്കലില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മനിതി സംഘം തിരിച്ചിറങ്ങിയത്. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്.

എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം യുവതികള്‍ ഗാര്‍ഡ് റൂമില്‍ ഓടിക്കയറുകയായിരുന്നു. പിന്നീട് യുവതികളെ ഇവിടെ നിന്നും പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

പമ്പയുടെ ചുമതലയുള്ള എസ്പി ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. യുവതികള്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ക്ക് മല കയറാനുള്ള സാഹചര്യം ഒരുക്കുമെന്നും പൊലീസ് അറിയിച്ചതായാണ് വിവരം.

Top