മുസ്ലീം വിരുദ്ധ പരാമര്‍ശം; കേസിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ശ്രീധരന്‍പിള്ള

Sreedharan Pilla

കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ തനിക്കെതിരെയുള്ള കേസിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

പിന്നില്‍ ഉന്നത സിപിഎം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമുണ്ടെന്നും പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്നും ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനല്ല. കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചയാളെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തിന് അര്‍ഹനല്ല. എന്നാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പരാതി നല്‍കിയ വി.ശിവന്‍കുട്ടി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ, ശ്രീധരന്‍പിള്ള ചോദിച്ചു.

ബാലക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച് പറയുന്നത് മതസ്പര്‍ധയുണ്ടാക്കിയെന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Top