കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിലെ അഴിമതി; കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപി പ്രതിഷേധം

കോഴിക്കോട്: കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിലെ അഴിമതിയില്‍ അടിയന്തര പ്രമേയ അനുമതി നിഷേധിച്ചതില്‍ ബിജെപി പ്രതിഷേധം. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത്.

രണ്ട് കൗണ്‍സില്‍ യോഗങ്ങളിലായി ബിജെപി അംഗങ്ങളും യുഡിഎഫും കെഎസ്ആര്‍ടിസി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് കൗണ്‍സിലുകളിലും അനുമതി നിഷേധിക്കുകയായിരുന്നു.

കൗണ്‍സില്‍ യോഗത്തില്‍ കെഎസ്ആര്‍ടിസി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മേയര്‍ നിലപാടെടുത്തതോടെയാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത്. നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും അന്വേഷണ പരിധിയിലാണെന്നും അതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മേയര്‍ വ്യക്തമാക്കി. ഇതോടെ ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം വിട്ട് പുറത്തേക്കിറങ്ങി.

കോഴിക്കോട് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം അപകട ഭീഷണിയിലാണെന്നാണ് കണ്ടെത്തലുകള്‍. കെട്ടിടം അടിയന്തരമായ ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതര്‍.

Top