ആരേ മേയറാക്കും എന്ന് ചര്‍ച്ച, ഡെപ്യൂട്ടി മേയറെ പുറത്താക്കണമെന്ന് ബിജെപി; നഗരസഭ ഇപ്പോള്‍ ‘നരകസഭ’

തിരുവനന്തപുരം: വി കെ പ്രശാന്ത് വട്ടിയൂര്‍കാവ് എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരം നഗരസഭയില്‍ അടുത്ത മേയറെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ പല ഭാഗത്ത് നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ആ സ്ഥാനം ആര്‍ക്ക് നല്‍കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അതിനിടെ നഗരസഭ ഭരണസമിതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി രംഗത്തെത്തി. മാലിന്യസംസ്‌കരണത്തില്‍ വീഴ്ചവരുത്തിയതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ഈടാക്കിയത് മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രതിഷേധം. ഭരണസമിതി അംഗങ്ങളില്‍ നിന്ന് പിഴത്തുക ഈടാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

മാലിന്യസംസ്‌കരണത്തില്‍ വീഴ്ച വരുത്തിയതിന് 14.56 കോടി രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ ബോര്‍ഡ് തിരുവനന്തപുരം നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ വിവരം കൗണ്‍സിലില്‍ നിന്നും മറച്ചുവച്ചെന്ന് ആരോപിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തിയത്. ഡെപ്യൂട്ടിമേയറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അതേസമയം മാലിന്യ സംസ്‌കരണ ബോര്‍ഡിന്റെ നടപടി വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രതിപക്ഷം ഇടതു പക്ഷത്തിനെതിരെയുള്ള കരുവായി ഉപയോഗിച്ചു. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയണം എന്നും എന്താണ് ഭാവി പരിപാടി എന്ന് അറിയുന്നതിവനും വിഷയം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വാദിച്ചു. എന്നാല്‍ ബോര്‍ഡ് അയച്ച നോട്ടീസ് നഗരസഭ കൈപറ്റിയതിന്റെ തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി ആയുധമാക്കുകയാണ്. അതേസമയം നോട്ടീസ് കൈപ്പറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് ആരോപിച്ച് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നഗരസഭ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top