റഫാല്‍ ഇടപാട്; രാഹുലിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി, നാളെ രാജ്യവ്യാപകമായ പ്രതിഷേധം

ന്യൂഡല്‍ഹി: നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിഷേധത്തിന് ബി.ജെ.പി ആഹ്വാനം ചെയ്തിരിക്കുന്നത്. രാഹുല്‍ മാപ്പ് പറയണമെന്ന ആവശ്യം നേരത്തെ ബി.ജെ.പി ഉന്നയിച്ചിരുന്നു

റഫാല്‍ ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം സി.ബി.ഐക്ക് കേസെടുക്കാന്‍ തടസ്സമില്ലെന്ന് മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് കെ.എം ജോസഫ് വിയോജന വിധിയെഴുതി. ഇത് ചൂണ്ടിക്കാണിച്ച് രാഹുല്‍ റഫാല്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ.എം ജോസഫ് വിയോജിച്ച് വിധിയെഴുതിയത് വലിയ അന്വേഷണ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്.

ഫ്രാന്‍സിലെ ഡാസോ ഏവിയേഷന്‍നില്‍ നിന്ന് 56000 കോടി രൂപക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഹര്‍ജിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. അന്വേഷണം വേണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് സുപ്രീംകോടതി തള്ളി. ഇതിനെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ പുനപരിശോധന ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി.

റഫാല്‍ രാജ്യത്തിന്റെ സുരക്ഷക്ക് അനിവാര്യമാണ്. ഹര്‍ജിക്കാരുടെ കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫ് പുനപരിശോധന തള്ളിയതിനോട് യോജിച്ചു. എന്നാല്‍ പ്രാഥമിക അന്വേഷണം വേണ്ട ചില വസ്തുതകള്‍ കോടതിക്കു മുന്നിലെത്തിയെന്ന് ജസ്റ്റിസ് ജോസഫ് നിരീക്ഷിച്ചു. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള മുന്‍കൂര്‍ അനുമതി ഹര്‍ജിക്കാര്‍ തേടാത്തതിനാല്‍ സാങ്കേതികമായി ഇതിന് തടസ്സമുണ്ട്. സിബിഐക്ക് സ്വയം നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നും ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി.

Top