ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങളില്‍ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ന്യൂല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ഒരാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നു. മറ്റൊരാള്‍ ടോള്‍ ജീവനക്കാരെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നു. മദ്യപാനികളാണോ അധികാരത്തിലേറിയതെന്നും ഈ വിഷയത്തിലൊക്കെ എന്തെങ്കിലും നടപടിയെടുത്തോയെന്നും പ്രിയങ്ക ചോദിച്ചു.

ബിജെപി എംപിയും എസ് സി കമ്മീഷന്‍ ചെയര്‍മാനുമായ റാം ശങ്കര്‍ കത്തേരിയ കഴിഞ്ഞ ദിവസം കൂടെയുള്ള ജീവനക്കാരനെ പരസ്യമായി ശകാരിക്കുകയും ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം. ജനത്തെ സേവിക്കാനാണ് ബിജെപി നേതാക്കളെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത്. എന്നാല്‍, അവര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ബിജെപി എംഎല്‍എ ആകാശ് വിജയ വര്‍ഗിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുന്‍സിപ്പല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത് വന്‍വിവാദമായിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാണെയും സംഘവും ഗവണ്‍മെന്റ് എന്‍ജിനീയറുടെ മേല്‍ ചളി കോരിയൊഴിച്ചതും വിവാദമായിരുന്നു.

Top