ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി; ബിജെപി അധ്യക്ഷന്‍ നായബ് സിംഗ് സൈനി സ്ഥാനമേല്‍ക്കും

ഡല്‍ഹി: ഹരിയാനയുടെ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സ്ഥാനമേല്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എം പിയുമാണ് നായബ് സിങ് സൈനി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി-ജെജെപി ഭിന്നത രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന മന്ത്രിസഭ രാജിവെയ്ക്കുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിശ്വസ്തനായിരുന്നു നയാബ് സിംഗ് സെയ്നി. ബിജെപിയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തിന പരിചയമുണ്ട് സൈനിക്ക്. 1996-ല്‍ ഹരിയാന ബിജെപിയുടെ സംഘടനാ ചുമതല പാര്‍ട്ടി നയാബ് സിംഗ് സെയ്നിയെ ഏല്‍പ്പിച്ചു. 2002ല്‍ അംബാല ബിജെപി യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി. 2012ല്‍ നയാബ് സൈനിയെ അംബാല ജില്ലാ പ്രസിഡന്റായി നിയമിച്ചു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരയ്ന്‍ഗഢില്‍ നിന്ന് നിയമസഭാ ടിക്കറ്റ് നല്‍കുകയും അദ്ദേഹം നിയമസഭയിലെത്തുകയും ചെയ്തതു. 2016 ല്‍ ഖട്ടര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തില്‍ 3.85 ലക്ഷം വോട്ടിന് വന്‍ വിജയം കരസ്ഥമാക്കി നിയമസഭയില്‍ എത്തുകയും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ എത്തുകയും ചെയ്തു.

ലോക്സഭയിലേക്കുള്ള സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നല്‍കാന്‍ തയ്യാറായില്ല. രണ്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു ജെജെപി ആവശ്യം. ഈ സാഹചര്യത്തിലാണ് തര്‍ക്കം രൂക്ഷമായതും മനോഹര്‍ ലാല്‍ ഖട്ടറിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയതും.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആണ് വേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് ജെജെപിയുമായി ചേര്‍ന്ന് ബിജെപി സഖ്യം രൂപീകരിച്ചത്.

Top