യോഗി ‘പന്ന പ്രമുഖ്’; ബിജെപിയുടെ യു.പി തിര. തയ്യാറെടുപ്പ് തകൃതി

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറെടുപ്പുകള്‍ തകൃതിയാക്കി ബി.ജെ.പി. ഇതിന്റെ ഭാഗമായി 50 ലക്ഷം പ്രവര്‍ത്തകരെ പന്ന പ്രമുഖ് പട്ടികയില്‍ ഉള്‍പ്പെടുത്തി താഴേത്തട്ടില്‍ പ്രചാരണം ശക്തിപ്പെടുത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്ന പ്രമുഖ് പട്ടികയില്‍ ഉള്‍പ്പെടുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. ജനങ്ങളെ നേരില്‍ കണ്ട് ഇടപെട്ട് വോട്ടുകള്‍ ഉറപ്പിക്കുന്ന ചുമതലയാണ് പന്ന പ്രമുഖിനുള്ളത്.

വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിനെ ഏറ്റവും പ്രാധാന്യത്തോടെയാണ് ബി.ജെ.പി കാണുന്നത്. ഭരണം നിലനിര്‍ത്തുകയെന്നതോടൊപ്പം 2024ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ ധൈര്യപൂര്‍വം നേരിടാനും യു.പിയില്‍ മികച്ച വിജയം ബി.ജെ.പിക്ക് ആവശ്യമാണ്. രാജ്യത്തെ ജനസംഖ്യ കൂടിയ സംസ്ഥാനമായ യു.പിയില്‍ നിന്ന് 80 പേരെയാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുക. 2007ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ അമിത് ഷായാണ് പന്ന പ്രമുഖ് എന്ന ആശയത്തിന് തുടക്കമിട്ടത്. സൂക്ഷ്മതലത്തില്‍ കൃത്യമായ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരെ ഈ പദവി നല്‍കി സജ്ജമാക്കുകയാണ് ചെയ്തത്. ഇത് വലിയ വിജയം നേടി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ പ്രവര്‍ത്തനരീതി ലക്ഷ്യംകണ്ടിരുന്നു.

2012ല്‍ ബി.ജെ.പിക്ക് യു.പിയില്‍ 47 സീറ്റുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. എന്നാല്‍, 2017ല്‍ ആകെയുള്ള 403 സീറ്റില്‍ 325ഉം നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80ല്‍ 71 സീറ്റും നേടി. 2019ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് നേരിട്ടെങ്കിലും ബി.ജെ.പിക്ക് 64 സീറ്റ് നേടാനായി.

ഒരു പന്ന പ്രമുഖ് 27 മുതല്‍ 60 വരെ ആളുകളെ സ്വാധീനിച്ച് വോട്ട് ഉറപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. ഉന്നതനേതാക്കളെ ഉള്‍പ്പെടുത്തിയതോടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

 

Top