BJP poster in UP

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവിനെ ശ്രീകൃഷ്ണനായി അവതരിപ്പിച്ച് വാരണാസിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍. ബിജെപി ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റായി അടുത്തിടെ ചുമതലയേറ്റ കേശവ് പ്രസാദ് മൗര്യയെ ആണ് പ്രവര്‍ത്തകര്‍ പോസ്റ്ററില്‍ ശ്രീകൃഷ്ണനായി ചിത്രീകരിച്ചത്.

കലിയുഗത്തില്‍ കൃഷ്ണന്‍ പഠിപ്പിക്കുക മാത്രമല്ല, യുദ്ധഭൂമിയില്‍ ഇറങ്ങി പോരാടുമെന്നാണ് പോസ്റ്ററിലെ വാചകം. പോസ്റ്ററില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയ നേതാക്കളെ കൗരവന്മാരായും ചിത്രീകരിച്ചിട്ടുണ്ട്.

മഹാഭാരതത്തില്‍ ദ്രൗപതിയുടെ വസ്ത്രാക്ഷേപ രംഗമാണ് പോസ്റ്ററിന്റെ ഇതിവൃത്തം. ദ്രൗപതിയായി ഉത്തര്‍പ്രദേശ് സംസ്ഥാനത്തെയും കാണിച്ചിരിക്കുന്നു. ദ്രൗപതിയെ രക്ഷിക്കാന്‍ സുദര്‍ശനചക്രവുമായി എത്തുന്ന കൃഷ്ണനായാണ് മൗര്യയെ കാണിച്ചിരിക്കുന്നത്.

പോസ്റ്ററിനെതിരെ സമാജ്വാദി പാര്‍ട്ടി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രതിഛായ തകര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെന്ന് സമാജ്വാദി നേതാക്കള്‍ ആരോപിക്കുന്നു. പോസ്റ്റര്‍ സ്ഥാപിച്ചത് ബിജെപി പ്രവര്‍ത്തകനായ രൂപേഷ് പാണ്ഡെയാണെന്നു തെളിഞ്ഞിട്ടുണ്ട്.ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പാണ്ഡെയുടെ ചിത്രവും പോസ്റ്റിന്റെ അടിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പോസ്റ്ററുമായി പാര്‍ട്ടിക്കോ മൗര്യയ്ക്കോ ബന്ധമില്ലെന്നും പാണ്ഡെ ആരാണെന്ന് അറിയില്ലെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

Top