സ്നേഹത്തിന്റെ ആ… ‘അടയാളത്തെ’ കാവി രാഷ്ട്രീയത്തിന്റെ “വിളഭൂമി’യാക്കരുത്

 ന്ത്യന്‍ പാര്‍ലമെന്റില്‍ കേവലം രണ്ട് എം.പിമാര്‍ മാത്രം ഉണ്ടായിരുന്ന ബി.ജെ.പിയെ ഇപ്പോള്‍… രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് മാറ്റിയതില്‍ അയോദ്ധ്യാ വിഷയം വഹിച്ച പങ്ക് വളരെ വലുതാണ്. വിവാദ വിഷയങ്ങളില്‍ ‘വിളവെടുപ്പു’ നടത്തുന്ന ആ രീതി തന്നെ വീണ്ടും തുടരാനാണ് ബി.ജെ.പി നിലവില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ അഭിമാനമായ താജ് മഹലിനെയാണ് ഇത്തവണ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നത്. താജ് മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി യഥാര്‍ഥത്തില്‍ ജയ്പൂര്‍ രാജ കൂടുംബത്തിന്റെതായിരുന്നുവെന്നും ഇത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചെടുത്തതാണെന്നുമാണ് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരിയുടെ ആരോപണം.

താജ് മഹല്‍ നിര്‍മ്മിച്ച ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, അവര്‍ അവകാശപ്പെട്ടിട്ടുണ്ട്. പഴയ ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി ഇവര്‍ അറിയപ്പെടുന്ന ബി.ജെ.പി നേതാവ് കൂടിയാണ്.

ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍… ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്, അലഹബാദ് ഹൈക്കോടതിയില്‍ യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് ഹര്‍ജി സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് രാജസ്ഥാനിലെ ബിജെപി എംപിയും തന്ത്രപരമായ നീക്കവുമായി രംഗത്തു വന്നിരിക്കുന്നത്. താജ്മഹലിനുള്ളില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മാധ്യമ ചുമതല വഹിക്കുന്ന രജ്നീഷ് സിങാണ് നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. താജ് മഹല്‍ ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.


‘താജ് മഹലിനുള്ളിലെ 20 ഓളം മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആര്‍ക്കും ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും, ഹിന്ദു ഗ്രന്ഥങ്ങളും ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രജ്നീഷ് സിങ് അവകാശപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച്, തങ്ങളുടെ കൈവശമുള്ള രേഖകളോ മറ്റു തെളിവുകളോ… കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കുമെന്നാണ് ബി.ജെ.പി എം.പി -ദിയ കുമാരിയും വ്യക്തമാക്കിയിരിക്കുന്നത്.താജ് മഹലിനുള്ളില്‍ എന്തിനാണ് ഈ മുറികളെല്ലാം പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ് ഉള്ളതെന്നും ദിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നതാണ് രണ്ട് ബി.ജെ.പി നേതാക്കളുടെയും ആവശ്യം.

ബി.ജെ.പിയെ പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട എം.പി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണം ഉന്നയിച്ചത് ഒരിക്കലും വ്യക്തപരമാകാന്‍ സാധ്യതയില്ല. തീര്‍ച്ചയായും സംഘപരിവാര്‍ നേതൃത്വത്തിന്റെ മനസ്സിലിരിപ്പു തന്നെയാണ് ഇപ്പോള്‍ ഈ നേതാക്കള്‍ വഴി പുറത്തുവിട്ടിരിക്കുന്നത്.അങ്ങനെ തന്നെ വേണം കരുതാന്‍.താജ് മഹല്‍ വിഷയത്തില്‍ പരിവാര്‍ സംഘടനകള്‍ പിടിമുറുക്കിയാല്‍ വലിയ പ്രത്യാഘാതത്തിനാണ് അതു തിരികൊളുത്തുക. അതിനു അവസരമൊരുക്കാതിരിക്കാന്‍ ജനങ്ങളാണ് ജാഗ്രത പാലിക്കേണ്ടത്. താജ് മഹലിനെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ ആ ലോകാത്ഭുതത്തിന്റെ ചരിത്രവും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.

‘കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി’ എന്നാണ് ആഗ്ര നഗരത്തിലെ ഈ വെളുത്ത മാര്‍ബിള്‍ ശവകുടീരത്തെ, മഹാനായ രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗ്രയിലെ യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ് മഹല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തിരണ്ടു വര്‍ഷം എടുത്തു എന്നതാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.1983- ല്‍, ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ യുനെസ്‌കോയും താജ് മഹലിനെ പെടുത്തുകയുണ്ടായി. വെണ്ണക്കല്ലില്‍ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ചുള്ള മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ് താജ് മഹല്‍. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ പൂര്‍ത്തിയാക്കി എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് താജ് മഹലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.

താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റേയും മുഗള്‍ സംസ്‌കാരത്തിന്റേയും വാസ്തുവിദ്യകളുടെയും എല്ലാം… ഒരു സങ്കലനമാണ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം, മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631-ല്‍ തന്റെ പതിനാലാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്നതിനിടയിലാണ് മരണപ്പെട്ടിരുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലത്തായിരുന്നു ഈ സംഭവം. ഭാര്യയെ പ്രാണനു തുല്യം സ്‌നേഹിച്ചിരുന്ന ഷാജഹാനെ സംബന്ധിച്ച് മുംതാസിന്റെ മരണം അപ്രതീക്ഷിതം മാത്രമല്ല വന്‍ പ്രഹരവുമായിരുന്നു. താന്‍ അത്രമേല്‍ സ്‌നേഹിക്കയും ബഹുമാനിക്കുകയും ചെയ്ത തന്റെ പ്രിയ പത്‌നിയുടെ വേര്‍പാട്… ഷാജഹാനെ ഒരൊറ്റ രാത്രികൊണ്ട് തന്നെ പടുവൃദ്ധനാക്കി മാറ്റിയെന്നതാണ് ചരിത്രം. ആ വിയോഗമേല്‍പ്പിച്ച മനഃപ്രയാസത്തെ മറികടക്കാനും അവരുടെ ഓര്‍മ്മ നിലനിര്‍ത്താനും വേണ്ടിയാണ് സ്മാരകം നിര്‍മ്മിക്കാന്‍ ഷാജഹാന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചിരുന്നത്. ഷാജഹാന് വേറെയും ഭാര്യമാര്‍ ഉണ്ടായിരുന്നു എങ്കിലും, മുംതാസ് മഹലിനോട് അദ്ദേഹത്തിന് സവിശേഷമായ ഒരു ആദരവുണ്ടായിരുന്നു.

മുംതാസ് മഹലുമായുള്ള ഷാജഹാന്റെ ആ അഗാധ പ്രേമം തന്നെയാണ്  താജ് മഹലിലൂടെ പ്രകടമാക്കിയിരിക്കുന്നത്. താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം വളരെ പെട്ടന്നാണ് ആരംഭിച്ചിരുന്നത്.ഇതിന്റെ ഭാഗമായി 1648- ല്‍,ആദ്യം ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ക്കുകയുണ്ടായി. പിന്നീട്, ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും… തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയിരുന്നത്.22,000 തൊഴിലാളികള്‍, ഖലാസികള്‍, പെയിന്റര്‍മാര്‍, കല്പണിക്കാര്‍ , കൊത്തുപണിക്കാര്‍ തുടങ്ങി… ഒരു വന്‍ സംഘം, ഇരുപതു വര്‍ഷക്കാലം അധ്വാനിച്ചതിന്റെ ഫലം കൂടിയാണ് ഈ സ്മാരകം. താജ് മഹലിന്റെ നിര്‍മാണത്തിനായി 1000 ആനകളുടെ സേവനവും ഉപയോഗിച്ചിട്ടുണ്ട്. താജ് മഹലിന്റെ നിര്‍മാണത്തിനു ശേഷം പിന്നീട്, ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയില്‍ തടങ്കലിലാക്കുകയും പിന്നീട് ഷാജഹാന്റെ മരണ ശേഷം മുംതാസിന്റെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കിയതും നോവുന്ന ഓര്‍മ്മകളാണ്.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീര്‍ണ്ണാവസ്ഥയിലാകുന്ന സാഹചര്യവും ഉണ്ടായി. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും ഭടന്മാരും ചേര്‍ന്ന് താജ് മഹലിന്റെ ചുവരുകളില്‍ നിന്നും വിലപിടിപ്പുള്ള കല്ലുകളും രത്‌നങ്ങളും കവര്‍ന്നെടുക്കുകയുണ്ടായി.ബ്രിട്ടീഷ് വൈസ്രോയി തന്നെയാണ് താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് നടന്ന പുനരുദ്ധാരണം 1908-ലാണ് അവസാനിച്ചിരുന്നത്.തുടര്‍ന്ന് അകത്തെ അറയില്‍ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് ഉദ്യാനം ബ്രിട്ടീഷ് രീതിയില്‍ ഇന്ന് കാണുന്നതു പോലെ പുനര്‍നവീകരിച്ചിരുന്നത്.

ഓരോ വര്‍ഷവും പത്തുലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഈ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തി കൊണ്ടിരിക്കുന്നത്.പ്രണയത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നിടങ്ങളില്‍ അതിന്റെ തീഷ്ണമായ പ്രതീകമാണ് ഇന്നും… താജ് മഹല്‍…ഈ ലോകാത്ഭുതത്തെ സങ്കുചിത താല്‍പ്പര്യങ്ങളുടെ പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആരായാലും അത്.. തികച്ചും ദൗര്‍ഭാഗ്യകര്യം തന്നെയാണ്.

EXPRESS KERALA VIEW

 

Top