ബംഗാൾ ‘മോഡൽ’ നടപ്പാക്കുവാൻ ബി.ജെ.പിക്ക് കേരളത്തിൽ പദ്ധതി !

ബംഗാളില്‍ നടക്കാന്‍ പോകുന്നത് വെറുമൊരു തിരഞ്ഞെടുപ്പല്ല, രക്തരൂക്ഷിത തിരഞ്ഞെടുപ്പാണ്. അതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും പരസ്പരം രക്തം ചൊരിഞ്ഞാണ് പോരാട്ടം തുടങ്ങിയിരിക്കുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി നിന്നാണ് ഇരു വിഭാഗവും ഇപ്പോള്‍ പെരുമാറുന്നത്. ജനങ്ങളുടെ ദുരിതത്തിനും ക്ഷേമത്തിനും അപ്പുറം സ്വന്തം ‘അജണ്ട’കള്‍’ നടപ്പാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ശ്രമിക്കുന്നത്. ഹിന്ദുത്വ വാദം ഉയര്‍ത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ മമത പയറ്റുന്നതും ഇതേ തന്ത്രം തന്നെയാണ്. മത വിശ്വാസികളുടെ വൈകാരികത വോട്ടാക്കി മാറ്റാനാണ് ഇരു വിഭാഗവും ശ്രമിക്കുന്നത്. ബംഗാളികളുടെ കഷ്ടപ്പാടിന്റെ രാഷ്ട്രീയമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ വംഗനാട്ടിലും പറയുന്നത്. ഇത്തവണ ഇടതുപക്ഷത്തോടൊപ്പം സഖ്യമായി മത്സരിക്കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്ര ശക്തികളുടെ വിളനിലമായി മാറിയ പശ്ചിമ ബംഗാളിനെ അതില്‍ നിന്നും മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് സി.പി.എം കേന്ദ്ര കമ്മറ്റിയും വ്യക്തമാക്കിയിരിക്കുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്ത് നിന്നും 2011-ലാണ് മമതയുടെ തൃണമൂല്‍ ഭരണം പിടിച്ചെടുത്തിരുന്നത്. ഭരണവിരുദ്ധ വികാരവും നന്ദിഗ്രാം വെടിവയ്പ്പുമല്ലാം ഇതിന് അവര്‍ക്ക് സഹായകരമായി മാറുകയും ചെയ്തു.

എന്നാല്‍ മമതയെ അന്ധമായി വിശ്വസിച്ച് തുടര്‍ ഭരണത്തിന് വോട്ട് ചെയ്ത മത ന്യൂനപക്ഷങ്ങള്‍ ഇപ്പോഴാണ് ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മമതയുടെ ന്യൂനപക്ഷ സ്‌നേഹം കപടമാണെന്ന് തെളിയിക്കുന്നതാണ് ബംഗാളിലെ ബി.ജെ.പിയുടെ മുന്നേറ്റം. മമതയുടെ വലംകൈ ആയി അറിയപ്പെട്ടിരുന്ന മുകള്‍ റോയ് അടക്കമുള്ളവരാണ് ബി.ജെ.പിക്ക് വളരാന്‍ ബംഗാളിന്റെ മണ്ണില്‍ വിത്തുകള്‍ പാകിയിരിക്കുന്നത്. ത്രിപുരയില്‍ കോണ്‍ഗ്രസ്സ് ഒന്നടങ്കം കാവിയണിഞ്ഞാണ് ചുവപ്പിനെ വീഴ്ത്തിയതെങ്കില്‍ ബംഗാളില്‍ തൃണമൂലിലെ ഒരു വിഭാഗം തന്നെയാണ് ആ കടമ നിര്‍വ്വഹിച്ചിരിക്കുന്നത്. കേന്ദ്രത്തിലെ ആദ്യ ബി.ജെ.പി സര്‍ക്കാറില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും പങ്കാളിയായിരുന്നു എന്നതും നാം ഓര്‍ക്കണം.

ബി.ജെ.പിയോട് മമതക്കുള്ള ‘മമത’ പ്രകടമാക്കിയ മന്ത്രിസഭാ പ്രവേശനമാണിത്. ബി.ജെ.പിയെ തൊട്ട് കൂടാത്തവരായി അകറ്റി നിര്‍ത്തിയ ബംഗാളില്‍ കാവിക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റാനാണ് തൃണമൂലിന്റെ എന്‍.ഡി.എ പ്രവേശനവും വഴി ഒരുക്കിയിരുന്നത്. ആര് തന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും ബി.ജെ.പി ബംഗാളില്‍ ഇന്ന് നിര്‍ണ്ണായക ശക്തി തന്നെയാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണത്തിലാണ് ബി.ജെ.പി വിജയിച്ചിരിക്കുന്നത്. വലിയ മുന്നേറ്റം തന്നെയാണിത്. 30 ശതമാനം മുസ്ലീം വോട്ടുകള്‍ ഉള്ള സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗം സ്വീകരിച്ച രാഷ്ട്രീയ നിലപാടിലെ പിഴവും ബി.ജെ.പിക്കാണ് ഗുണം ചെയ്തത്. തൃണമൂലിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷങ്ങളുടെ നിലപാട് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കാണ് ഗുണം ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിനും അപ്പുറം മറ്റു പലതുമാണ് വിധിയെഴുത്തിനെ സ്വാധീച്ചതെന്ന് വ്യക്തം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 10 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. മൂന്നു വര്‍ഷത്തിനകം അതില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിലം തൊടാതിരുന്ന ബി.ജെ.പിയാണ് മമത ഭരണത്തില്‍ ഈ വമ്പന്‍ നേട്ടം ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷ ഭരണകാലത്ത് ഒരു വര്‍ഗ്ഗീയ കലാപവും ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വര്‍ഗ്ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോദിയുടെ ഗുജറാത്തില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത കുത്തുബുദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയതും ബംഗാളിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു. ബംഗാളില്‍ ഭരണം മാറിയിട്ടും മമതയേക്കാള്‍ അന്‍സാരിക്ക് ഇപ്പോഴും ‘മമത’ചെങ്കൊടിയോട് മാത്രമാണ്.

മമതയെ വിശ്വസിച്ച് തൃണമൂലിന് വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓര്‍ക്കാതെ പോയതും സുരക്ഷിതമായ പഴയ കാലഘട്ടമാണ്. ഈ പിഴവിനാണ് വലിയ വില അവരിപ്പോള്‍ കൊടുക്കേണ്ടി വന്നിരിക്കുന്നത്. നാളെ ബംഗാള്‍ ഭരണം ബി.ജെ.പി പിടിക്കുക കൂടി ചെയ്താല്‍ അതോടെ എല്ലാം പൂര്‍ണ്ണമാകും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പോലും മമത നടത്തിയത് തട്ടിപ്പ് സമരങ്ങളാണ്. ഇക്കാര്യത്തില്‍ കേന്ദ്ര നിയമത്തെ എതിര്‍ത്ത് രാജ്യത്ത് ഒരു നിയമസഭ പ്രമേയം പാസാക്കിയെങ്കില്‍ അത് ആദ്യം നടന്നത് ഇടതുപക്ഷ കേരളത്തിലാണ്. ഇതിനു ശേഷമാണ് മമത ഭരണകൂടത്തിനും കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്കും ഇതേ പാത പിന്‍തുടരേണ്ടി വന്നിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നതും കേരളത്തിലാണ്. 80 ലക്ഷത്തോളം പേരെ ജാതി – മത – വര്‍ഗ്ഗ ദേദമന്യേയാണ് ഇടതുപക്ഷം തെരുവിലിറക്കിയിരുന്നത്.

കേരളത്തെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നെഞ്ചു കൊണ്ട് അളന്ന മനുഷ്യശൃംഖല ദേശീയ ശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭമാണ്. കേന്ദ്രത്തിന്റെ കരിനിയമത്തിനെതിരെ ആദ്യമായി കാമ്പസുകളില്‍ പ്രതിഷേധ കൊടി ഉയര്‍ത്തിയതും ഇടതുപക്ഷ സംഘടനയായ എസ്.എഫ്.ഐയാണ്. ഒടുവില്‍ എസ്.എഫ്.ഐക്കാരിയായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിനു മര്‍ദ്ദനമേല്‍ക്കേണ്ടിയും വന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെയും പൊടി പോലും കാണാനുണ്ടായിരുന്നില്ല. പേരിലും പ്രചരണത്തിലും സമുദായ സ്‌നേഹം പ്രകടിപ്പിക്കുന്ന മുസ്ലീം ലീഗിനോ അതിന്റെ പോക്ഷക സംഘടനകള്‍ക്കോ എന്തിനേറെ കോണ്‍ഗ്രസ്സിനോ തൃണമൂല്‍ കോണ്‍ഗ്രസ്സിന് പോലും എവിടെയും ഇത്തരത്തില്‍ ഒരു കടന്നാക്രമണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഇവിടെയാണ് കമ്യൂണിസ്റ്റുകളുടെ ചെറുത്ത് നില്‍പ്പ് പ്രസക്തമാകുന്നത്.

ബംഗാളിലെ ന്യൂനപക്ഷ സമുദായം ഇത്തവണയെങ്കിലും അത് മനസ്സിലാക്കിയില്ലങ്കില്‍ കാവിയുടെ വിളനിലമായി ബംഗാളും ഉടന്‍ തന്നെ മാറും. കേരളത്തില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ചുവപ്പിനെ കൈവിട്ടവര്‍ക്കും വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് പുനര്‍വിചിന്തനത്തിനുള്ള ഒരവസരമാണ്. ഇത്തവണ ചെങ്കൊടി ഈ മണ്ണില്‍ കൂടി വീണാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവത്തിന് പോലും രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഓര്‍ക്കണം ത്രിപുരയില്‍ കോണ്‍ഗ്രസ്സ് ഒന്നാകെ കാവിയണിഞ്ഞപ്പോയാണ് ചെങ്കോട്ട തകര്‍ക്കപ്പെട്ടത്. ബംഗാളില്‍ ചെങ്കൊടിയെ വീഴ്ത്തിയ മമതയുടെ ഭരണകാലത്താണ് ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണായി അവിടം മാറിയിരിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ആര്‍ജിക്കുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് മാര്‍ഗ്ഗതടസ്സമാകുന്നത് സി.പി.എമ്മിന്റെ ശക്തമായ സാന്നിധ്യമാണ്.

ഇടതുപക്ഷത്തെ ഈഴവ വോട്ട് ബാങ്ക് പൊളിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ബി.ഡി.ജെ.എസ് നനഞ്ഞ പടക്കമായി മാറിയതും നാം കണ്ടതാണ്. മലപ്പുറം വിട്ടൊരു വളര്‍ച്ച മുസ്ലീംലീഗിന് ഉണ്ടാകാത്തതും ന്യൂനപക്ഷങ്ങള്‍ ചുവപ്പിനെ വിശ്വസിക്കുന്നത് കൊണ്ടു കൂടിയാണ്. ഈ വിശ്വാസങ്ങള്‍ക്കെല്ലാം മേല്‍ അപവാദ പ്രചരണങ്ങള്‍ക്കാണ് മേധാവിത്വമെങ്കില്‍ സംശയിക്കേണ്ട, കേരളത്തിന്റെ മഹത്തായ ചരിത്രമാണ് അതോടെ തിരുത്തി കുറിക്കപ്പെടുക. ചെങ്കൊടിയെ കൊത്തി പറിക്കാന്‍ വെമ്പല്‍ കൊള്ളുന്ന യു.ഡി.എഫ് അണികള്‍ ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Top