സിപിഎമ്മിന്റെ ‘ചെങ്ങന്നൂര്‍ മോഡല്‍’ പ്രചാരണത്തില്‍ പഠനം നടത്താന്‍ ബിജെപി

ആലപ്പുഴ: സിപിഎം വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ച ചെങ്ങന്നൂര്‍ മോഡലിനെക്കുറിച്ചു വിശദമായ പഠനം നടത്താന്‍ ബിജെപി തീരുമാനം. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന നിയോജക മണ്ഡലതല അവലോകന യോഗത്തിലാണു സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചത്.

സിപിഎം നടത്തിയ പ്രചാരണരീതികള്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ ബിജെപിയും നടത്തിയെങ്കിലും സംസ്ഥാന നേതാക്കള്‍ക്കുള്‍പ്പെടെ പ്രാദേശിക ചുമതല നല്‍കി സിപിഎം നടത്തിയതുപോലെ മാസ്റ്റര്‍പ്ലാന്‍ ബിജെപിക്കുണ്ടായില്ലെന്നു വിമര്‍ശനവുമുണ്ടായി. സിപിഎമ്മിന്റെ ചെങ്ങന്നൂര്‍ മോഡല്‍ കൃത്യമായി പഠിച്ച് എതിര്‍പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ പാര്‍ട്ടി തോല്‍ക്കണമെന്ന നിലപാടിലായിരുന്നെന്ന വിമര്‍ശനമുണ്ടായി. മണ്ഡലത്തിലെ ചില പ്രവര്‍ത്തകര്‍ പകല്‍ ബിജെപിക്കും രാത്രി സിപിഎമ്മിനും വേണ്ടി പണിയെടുത്തെന്ന വിമര്‍ശനവുമുയര്‍ന്നു. സിപിഎം വന്‍തോതില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും ന്യൂനപക്ഷങ്ങള്‍ക്കു വാഗ്ദാനങ്ങള്‍ നല്‍കിയും വോട്ടര്‍മാരെ കയ്യിലെടുത്തു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടും ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ വേണ്ട നീക്കങ്ങള്‍ നേതൃത്വം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

Top