ദക്ഷിണേന്ത്യ ‘പിടിക്കാൻ’ ബി.ജെ.പി, വിപുലമായ പദ്ധതിയുമായി നേതൃത്വം !

ക്ഷിണേന്ത്യയിൽ പിടിമുറുക്കാൻ ബി.ജെ.പിക്ക് വമ്പൻ കർമ്മ പദ്ധതി. കർണ്ണാടക ഭരണം നിലനിർത്തുന്നതോടൊപ്പം തെലങ്കാന ഭരണം പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പിയുടെ ആദ്യ അജണ്ട. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വർഷമാണ് നടക്കുന്നത്. ദുബ്​ക നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയം ഉൾപ്പെടെ സമീപകാലത്ത് ഭരണപക്ഷമായ ടി.ആർ.എസിന് വലിയ വെല്ലുവിളിയാണ് ബി.ജെ.പി ഉയർത്തിയിരിക്കുന്നത്. ഇത് അടുത്തയിടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് കുമാറിന്റെ അറസ്റ്റിലാണ് കലാശിച്ചിരുന്നത്. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഹൈദരാബാദിൽ കുതിച്ചെത്തിയിരുന്നത്.

കർണ്ണാടക കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുള്ള സംസ്ഥാനം കൂടിയാണ് തെലങ്കാന അതുകൊണ്ട് കൂടിയാണ് ഇത്തവണ പാർട്ടി നാഷണൽ എക്സിക്യൂട്ടീവ് യോഗം തെലങ്കാനയിൽ വിളിച്ചു ചേർത്തിരിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി​ക്കു​ പു​റ​മെ മു​തി​ർ​ന്ന കേ​ന്ദ്ര​മന്ത്രിമാ​ർ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഈ യോഗത്തിൽ പ​​​ങ്കെ​ടു​ക്കും. ഇ​ന്ന്​ ജെ.​പി. ന​ഡ്ഡ​യു​ടെ റോ​ഡ്​ ഷോ​യോ​ടെയാണ് പ​രി​പാ​ടി​ക​ൾ തുടങ്ങിയിരിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​​ങ്കെ​ടു​ക്കു​ന്ന റാലി​യോ​ടെ യോഗം സ​മാ​പി​ക്കും.സം​സ്ഥാ​ന​ത്തെ 119 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക​രെയാണ്, ബി.ജെ.പി സ​മാ​പ​ന റാ​ലി​യിൽ പ​​​ങ്കെ​ടു​പ്പി​ക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പി തങ്ങളുടെ പാർട്ടികളെ പിളർത്തുമോ എന്ന ഭയം ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ പാർട്ടികളിലും പ്രകടമാണ്. തെലങ്കാന കഴിഞ്ഞാൽ തമിഴ്‌നാടാണ് ബി.ജെ.പി ലക്ഷ്യം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സൂപ്പർ ഹീറോ ആയി മാറിയതിനാൽ അദ്ദേഹത്തെ തളയ്ക്കാൻ പുതിയ ഒരു സൂപ്പർ ഹീറോയെ ആണ് ബി.ജെ.പിയും തേടുന്നത്. രജനീകാന്ത് മുഖം തിരിച്ചതിനാൽ പറ്റിയ ഒരു മുഖം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ദൗത്യം. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നിർണ്ണായക പിന്തുണ പ്രഖ്യാപിച്ച വൈ.എസ്.ആർ കോൺഗ്രസ്സ് ഭരിക്കുന്ന ആന്ധ്രയിലും ബി.ജെ.പിക്ക് ചില ‘അജണ്ടകളുണ്ട്’. വൈ.എസ്.ആർ കോൺഗ്രസ്സുമായി ഒരു സഖ്യമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ ബി.ജെ.പി പിന്തുണ പ്രതീക്ഷിക്കുന്ന പാർട്ടി കൂടിയാണ് വൈ.എസ്.ആർ കോൺഗ്രസ്സ്.

കേരളത്തിലെ കാര്യവും ബി.ജെ.പി ദേശീയ നേതൃയോഗം ചർച്ച ചെയ്യും. ജനകീയരായ നേതാക്കൾ ഇല്ല എന്നതാണ് ബി.ജെ.പി കേരളത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. നടൻ സുരേഷ് ഗോപിയും നിരാശയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടതോടെ കേരളത്തിന്റെ കാര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് വലിയ പ്രതീക്ഷയൊന്നും ഇല്ല. എങ്കിലും ലോകസഭ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിലെങ്കിലും ജയിക്കാൻ ശ്രമിക്കണമെന്നതാണ് നിർദ്ദേശം. തിരുവനന്തപുരം തൃശൂർ ലോകസഭ മണ്ഡലങ്ങളിലാണ് ബി.ജെ.പി നേതൃത്വം വിജയ പ്രതീക്ഷ വച്ചു പുലർത്തുന്നത്.സംഘപരിവാർ നേതാക്കളുമായി ഏറെ അടുപ്പമുള്ള മോഹൻലാൽ ഉൾപ്പെടെയുള്ള ചില പ്രമുഖരെ ലക്ഷ്യമിട്ടും ബി.ജെ.പി ദേശീയ നേതൃത്വം വീണ്ടും കരുക്കൾ നീക്കുന്നുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ കൈവശമുള്ളതിനാൽ ബി.ജെ.പി പിടിമുറുക്കിയാൽ സിനിമാ താരങ്ങൾ മാത്രമല്ല അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും വെട്ടിലാകും. രാഹുൽ ഗാന്ധിയെ പോലും വെള്ളം കുടിപ്പിച്ച ഏജൻസി ആയതിനാൽ പ്രമുഖരെല്ലാം ഇപ്പോൾ എൻഫോഴ്സ്മെന്റ് എന്നു കേട്ടാൽ തന്നെ ഭയക്കുന്ന സാഹചര്യമാണ് ഉള്ളത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി ഭരണം പിടിക്കാൻ ബി.ജെ.പിക്ക് സഹായകരമായതു തന്നെ കേന്ദ്ര എജൻസികളിൽ എം.എൽ.എമാർക്കുള്ള ഭയമാണെന്നാണ് ശിവസേന നേതൃത്വം ആരോപിക്കുന്നത്.ഈ ആരോപണത്തെ സാധൂകരിക്കുന്ന നടപടികൾ തന്നെയാണ് പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും ഉണ്ടായിരിക്കുന്നത്. പാത്ര ചൗൾ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിനെ ഇ.ഡി ചോദ്യം ചെയ്തത് പക പോക്കലാണെന്നാണ് ശിവസേനയുടെ ആരോപണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിച്ച സമയത്തിൽ രാഷ്ട്രീയ നിരീക്ഷകരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര ഏജൻസികൾ കൈവശമുള്ളതിനാൽ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചില ഇടപെടലുകൾ നടത്താൻ ബി.ജെ.പിക്കു കഴിയും. അത്തരമൊരു ശ്രമം ഇപ്പോൾ ഏറെയുള്ളത് തെലങ്കാനയിലാണ്. തമിഴ്നാട്ടിലേക്കും അധികം താമസിയാതെ ആ കൈ നീളും. പിന്നെയുള്ളത് പ്രധാനമായും കേരളമാണ്. സ്വപ്ന സുരേഷിന്റെ മൊഴിവച്ച് രണ്ടാം ‘എപ്പിസോഡിലെ’ നേട്ടമാണ് ലക്ഷ്യം. ‘ചെമ്പും ബാഗും’ എല്ലാം അവർ ആയുധമാക്കുന്നതും അതിനു വേണ്ടിയാണ്. ആർ.എസ്.എസ് ബന്ധമുള്ള സ്ഥപനത്തിൽ സ്വപ്നക്ക് ജോലി നൽകിയതും തുടർന്നു നടന്ന രഹസ്യമൊഴിയും എല്ലാം ഇപ്പോഴും സംശയത്തിന് അതീതമല്ല.

സി.പി.എമ്മിന്റെ വോട്ട് ബാങ്ക് തകർക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. അതിന് ആദ്യം തകർക്കേണ്ടത് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ ആണെന്നതും ബി.ജെ.പി ദേശീയ നേതൃത്വത്തിന് നന്നായി അറിയാം. സരിത വന്നപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ വീണ ‘തിയറി’ തന്നെയാണ് ഇവിടെയും പയറ്റുന്നത്. സരിതയ്ക്ക് പകരം ഇത്തവണ സ്വപ്ന ആയെന്നു മാത്രം. സ്വപ്നയ്ക്ക് ജോലി നൽകുക മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പത്ര സമ്മേളനം നടത്താൻ വേദിയൊരുക്കിയതും സംഘപരിവാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ഈ നീക്കത്തിൽ തങ്ങൾ ഔട്ടായി പോകുമോ എന്ന ഭയമാണ് കോൺഗ്രസ്സ് നേതാക്കളെ വിഷയം വീണ്ടും ഏറ്റെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. അതാണിപ്പോൾ നിയമസഭയിൽ കണ്ടത്. ഇതിനിടെയാണ് സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസിനെതിരെയും ഇപ്പോൾ ആക്രമണമുണ്ടായിരിക്കുന്നത്. കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം ആരാണ് എന്നത് സംബന്ധിച്ച്, നിലവിൽ കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ ശക്തമായ തർക്കമുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പലപ്പോഴും ബി.ജെ.പിക്ക് പിന്നിലായി പോയ കോൺഗ്രസ്സ് പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നിലവിൽ നടത്തുന്നത്. അതിനു വേണ്ടി യുവജന വിദ്യാർത്ഥി പ്രവർത്തകരെയും അവർ കയറൂരി വിട്ടിരിക്കുകയാണ്. ഇതെല്ലാം തന്നെ സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയെയാണ് ഇപ്പോൾ കൂടുതൽ സംഘർഷഭരിതമാക്കിയിരിക്കുന്നത്. അതു തന്നെയാണ് യാഥാർത്ഥ്യവും.

EXPRESS KERALA VIEW

 

 

 

Top