മുഖ്യമന്ത്രി പിണറായി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പാര്‍ലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍ലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍. പിന്നെ ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ.

Top