കാവേരി നദീജലം തമിഴ്നാടുമായി പങ്കിടുന്നതിൽ എതിർപ്പുമായി ബിജെപി; കാവേരി രക്ഷാ യാത്ര സംഘടിപ്പിക്കും

ബെംഗളൂരു: കാവേരി നദീജലം പങ്കിടുന്നതിൽ കർണാടകയിലെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷാ യാത്രയുമായി ബിജെപി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ അധികാരത്തിലുള്ളതിനാൽ തമിഴ്നാടിന് കർണാടകയിലെ കോൺഗ്രസ് സർക്കാർ കാവേരി നദീ ജലം വിട്ടുകൊടുക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ആരോപിച്ചു.

മുഖ്യമന്ത്രി സിദ്ദരാമയ്യ തമിഴ്നാടിൻറെ മുഖ്യമന്ത്രിയെപോലെയാണ് പെരുമാറുന്നത്. കാവേരി നദീ ജലവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സുപ്രീം കോടതിയെ സമീപിക്കണമായിരുന്നു. നിലവിലെ കർണാടകയിലെ വരൾച്ചാ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയപ്പെട്ടുവെന്നും യെദിയൂരപ്പ പറഞ്ഞു.

നമ്മുടെ കർഷകർക്ക് നൽകേണ്ട വെള്ളത്തിൻറെ 30ശതമാനം പോലും നൽകാതിരിക്കുമ്പോഴാണ് തമിഴ്നാട്ടിലെ കർഷകർ രണ്ടാമത്തെ വിളയിറക്കുന്നത്. കാവേരി വാട്ടർ മാനേജ്മെൻറ് അതോറിറ്റിക്ക് മുമ്പാകെ ശക്തമായി വാദിക്കുന്നതിൽ പോലും സർക്കാർ തീർത്തും പരാജയപ്പെട്ടു. തമിഴ്നാടിന് കാവേരി ജലം വിതരണം ചെയ്യുന്നത് അടിയന്തരമായി നിർത്തിവെക്കണം.

തിങ്കളാഴ്ച ഗണേശോത്സവാഘോഷത്തിൻറെ ഭാഗമായി കോലാറിലെ വിഗ്നേശ്വര-സോമശേഖര ക്ഷേത്രത്തിൽ പൂജ നടത്തിയശേഷമായിരിക്കും കാവേരി രക്ഷണ യാത്രക്ക് തുടക്കമിടുക. പദയാത്രക്കൊപ്പം ഓരോ താലൂക്കുകളിലും ധർണയും മറ്റു പ്രതിഷേധ പരിപാടികളും നടത്തും. സെപ്റ്റംബർ 21ന് കാവേരി നദീ ജല തർക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതിനുശേഷം തുടർ സമരങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

കാവേരി നദീതടത്തിലുള്ള ഓരോ കർഷകനും ഓരോ ഏക്കറിന് കാൽലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. വെള്ളം ലഭിക്കാതെ ഈ മേഖലയിലുള്ള കർഷകരുടെ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്.

തമിഴ്നാട്ടിലേക്ക് കാവേരി നദീ ജലം ഒഴുക്കിയതിനെതിരെ സെപ്റ്റംബർ 21ന് കാവേരി നദിതട മേഖലയിൽ ബിജെപി കാവേരി രക്ഷാ യാത്ര നടത്തുമെന്നും ബൊമ്മൈ പറഞ്ഞു. കാവേരി നദി മേഖലയിലെ നേതാക്കളുമായുള്ള യോഗത്തിനുശേഷമാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ ബിജെപി തീരുമാനിച്ചത്.

Top