ബാലാസാഹെബ് താക്കറെയുടെ സേനയ്ക്ക് ഇതെന്ത് പറ്റി? വിമര്‍ശനവുമായി ബിജെപി

പൂനെയില്‍ കൊറിഗാവോണ്‍ഭീമാ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബിജെപി. കലാപവുമായി ബന്ധപ്പെട്ട് ദളിത് ആക്ടിവിസ്റ്റുകള്‍ക്ക് എതിരെയുള്ള കേസുകള്‍ ഒഴിവാക്കുമെന്നാണ് ഉദ്ധവ് താക്കറെ എന്‍സിപിക്ക് ഉറപ്പുനല്‍കിയത്.

‘ഇത് ഇതിഹാസമായ ബാലാസാഹെബ് താക്കറെയുടെ ശിവസേന തന്നെയോ? ക്ഷീണിതരും, വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്’, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാലാസാഹെബ് താക്കറെ ഇത്തരം വിലപേശലുകള്‍ക്ക് തയ്യാറാകുമായിരുന്നോയെന്നും ശിവസേനയെ ലക്ഷ്യംവെച്ച് അമിത് മാളവ്യ ചോദ്യം ഉന്നയിച്ചു.

അതേസമയം കൊറിഗാവോണ്‍ഭീമാ ജാതി കലാപത്തില്‍ ചെറിയ കുറ്റങ്ങള്‍ ചാര്‍ത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ മുന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നതായി ഉദ്ധവ് താക്കറെ അവകാശപ്പെട്ടു. എത്ര കേസുകള്‍ പിന്‍വലിച്ചെന്ന കാര്യം പരിശോധിച്ച് വരികയാണ്, മഹാരാഷ്ട്ര മുഖ്യന്‍ കൂട്ടിച്ചേര്‍ത്തു. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് എന്‍സിപി നേതാവും, എംഎല്‍എയുമായ ധനഞ്ജയ് മുണ്ടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ശിവസേന നേതൃത്വത്തിലുള്ള മഹാ വികാസ് അഗഡി സര്‍ക്കാരിലെ സുപ്രധാന കക്ഷിയായ എന്‍സിപിയിലെ നേതാവായ ഇദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് താക്കറെയ്ക്ക് കത്തയച്ചു. 2018 ജനുവരി ഒന്നിനാണ് പൂനെയിലെ കൊറിഗാവോണ്‍ഭീമ ഗ്രാമത്തില്‍ കലാപത്തിന് തിരികൊളുത്തിയത്. ഇവിടെ സംഘടിപ്പിച്ച ഒരു പരിപാടിയിലെ തീവ്ര പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് ആളുകള്‍ കൊള്ളിവെപ്പും, തകര്‍ക്കലും നടത്തിയത്.

Top