മധ്യപ്രദേശിലും കര്‍ണാടകയിലും പരീക്ഷിച്ച മാതൃക പരാജയപ്പെട്ടു; അടവ് മാറ്റി ബിജെപി

ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിലും കര്‍ണാടകയിലുമടക്കം പരീക്ഷിച്ചു വിജയിച്ച മാതൃക പരാജയപ്പെട്ടതോടെയാണ് പുതിയ തന്ത്രവുമായി ബിജെപി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തു ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നുവെന്ന ആക്ഷേപവുമായി പാര്‍ട്ടി രംഗത്തെത്തി. സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ മന്ത്രിമാരും എംഎല്‍എമാരുമായി ഹോട്ടലില്‍ തങ്ങുകയാണ്. ഭരണം നടക്കുന്നില്ല. കോവിഡ് മൂലം ജനങ്ങള്‍ വലയുമ്പോള്‍ നടപടിയുണ്ടാകുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലായിരിക്കുകയാണ്. രാജ്ഭവന്‍ വളയുകയും ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഭരണഘടനാ സംവിധാനങ്ങളെയാണു വെല്ലുവിളിക്കുന്നത്.

ഗവര്‍ണര്‍ പോലും സുരക്ഷിതമല്ലെന്ന സ്ഥിതിയാണു സംജാതമായിരിക്കുന്നതെന്നും ഗവര്‍ണറെ കണ്ടശേഷം ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സൂചനകള്‍ കണക്കിലെടുത്താല്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതു രാഷ്ട്രപതി ഭരണമെന്നു വ്യക്തം. സച്ചിന്‍ ഗെലോട്ട് പോര് കോടതിയിലെത്തുകയും തീരുമാനം നീളുകയും ചെയ്തതോടെ ആദ്യഘട്ടം സച്ചിനെന്നപോലെ ബിജെപിക്കും അനുകൂലമായിരുന്നു.

സര്‍ക്കാരിനെ മറിച്ചിടാന്‍ ആവശ്യമായ എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിനൊപ്പമില്ലെന്നതിനു പുറമേ, മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനു അദ്ദേഹം തയാറല്ലാത്തതും ഈ ദിശയിലെ ചര്‍ച്ചകള്‍ക്കു വിലങ്ങുതടിയായി. 103 എംഎല്‍എമാരുടെ പിന്തുണ ഇപ്പോഴും മുഖ്യമന്ത്രിക്കുണ്ട്. സര്‍ക്കാര്‍ വീഴില്ലെന്ന് ഉറപ്പായാല്‍ അയോഗ്യരാക്കപ്പെടാതിരിക്കാന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യാന്‍ സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും നിര്‍ബന്ധിതരാകും. എതിര്‍ത്തു വോട്ടു ചെയ്യുകയും മന്ത്രിസഭ വീഴുകയും ചെയ്താലും റിബല്‍ എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടും.

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പാര്‍ട്ടി ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണു മന്ത്രിസഭ അട്ടിമറിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖകള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് 900 കോടി രൂപ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്ത സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി കേസില്‍ കേന്ദ്രമന്ത്രിയെ പ്രതി ചേര്‍ക്കാനുള്ള കോടതി നിര്‍ദേശമെത്തിയത്.

കോടതിയില്‍ ആദ്യറൗണ്ട് വിജയം പ്രതിയോഗി സച്ചിന്‍ പൈലറ്റിനെങ്കില്‍ രാഷ്ട്രീയ പോരാട്ടം നിയമസഭയിലേക്കും ജനങ്ങളുടെ മധ്യത്തിലേക്കും എത്തിക്കാനുറച്ച് അശോക് ഗെലോട്ട്. എത്രയും വേഗം നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി, ഗവര്‍ണര്‍ മന്ത്രിസഭയുടെ ആവശ്യം പരിഗണിക്കാത്തപക്ഷം രാഷ്ട്രപതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

Top