ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാൻ ബി.ജെ.പി നീക്കം, പുതിയ രൂപത്തിൽ കോ-ലീ-ബി സഖ്യം വരുമോ ?

‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം’ എന്നതാണ് ദേശീയ തലത്തിലെ ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം. എന്നാല്‍ ഈ ലക്ഷ്യം തല്‍ക്കാലം കേരളത്തിലെങ്കിലും മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ഒരുവിഭാഗം നേതാക്കള്‍ക്കുള്ളത്. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ സാമുദായിക ഘടനയും ഇടതുപക്ഷ സ്വാധീനവുമാണ്. ഈ കണക്കുകള്‍ അറിഞ്ഞ നീക്കമാണ് നടത്തേണ്ടതെന്ന റിപ്പോര്‍ട്ടാണ്
ടീം മോദിയും കേന്ദ്ര നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്ക് ഹൈന്ദവ വിഭാഗത്തില്‍ നിന്നാണ്. അതേസമയം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി അതല്ല. അവിടെ മറ്റു പാര്‍ട്ടികളോടാണ് ഹൈന്ദവ സമൂഹത്തിന് ആഭിമുഖ്യം. ഇതിനു ഒരപവാദം കര്‍ണ്ണാടകം മാത്രമാണ്. എന്നാല്‍ കന്നടമണ്ണില്‍ ശക്തമായ സ്വാധീനം ഉണ്ടെങ്കിലും ഇത്തവണ സംസ്ഥാന ഭരണവും ബി.ജെ.പിയെ കൈവിട്ടിരിക്കുകയാണ്.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിലവില്‍ നിലം തൊടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഒരു ഫോര്‍മുലയാണ് ടീം മോദി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നത് രണ്ട് സീറ്റുകളാണ്. തൃശൂര്‍, തിരുവനന്തപുരം സീറ്റുകള്‍. ഈ രണ്ടു സീറ്റുകളില്‍ വിജയിക്കാന്‍ യു.ഡി.എഫുമായി അണിയറയില്‍ എന്തു ധാരണയ്ക്കും ബി.ജെ.പി തയ്യാറായാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ യു.ഡി.എഫിനെ സംബന്ധിച്ച് ഇത്തവണ 10 സീറ്റുകളെങ്കിലും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതല്ലങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കണക്കു കൂട്ടലുകള്‍ തെറ്റും. വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരാനുള്ള സാധ്യതയും തെളിയും. ഇനി ഒരിക്കല്‍ കൂടി ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അത് പരിവാര്‍ സംഘടനകളെ സംബന്ധിച്ചു വലിയ വെല്ലുവിളിയാകുമെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്.

രാജ്യത്ത് ഏറ്റവും അധികം ആര്‍.എസ്.എസ് ശാഖകള്‍ ഉള്ള കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ചിറകരിയാനുള്ള സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്നതാണ് ബി.ജെ.പിക്കുള്ള ആര്‍.എസ്.എസ് നിര്‍ദ്ദേശം. ഇതിനു സഹായകരമാകുന്ന റിപ്പോര്‍ട്ട് തന്നെയാണ് ടീം മോദിയും നല്‍കിയിരിക്കുന്നത്. കേരളത്തില്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തിനെയും തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ശുപാര്‍ശ.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി വിജയിക്കുന്ന എം.പിമാരില്‍ ചിലരെ ആവശ്യമെങ്കില്‍ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതിനു അനുസരിച്ച ഒരു തിരഞ്ഞെടുപ്പ് സ്റ്റാര്‍ട്ടര്‍ജിയാകും ബി.ജെ.പി ഇത്തവണ തയ്യാറാക്കുക. കേരള കോണ്‍ഗ്രസ്സ്, ആര്‍.എസ്.പി പാനലില്‍ വിജയിച്ചു വരുന്ന എം.പിമാര്‍ക്ക് കൂറുമാറ്റം ബാധകമല്ലാത്തതിനാല്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി തന്നെയാണ് ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വം നീങ്ങുന്നത്. തൃശൂര്‍ – തിരുവനന്തപുരം സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരം വരുന്നത് അത്യന്തികമായി ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഗുണം ചെയ്യുക എന്ന കണക്കു കൂട്ടലും നേതൃത്വത്തിനുണ്ട്.

കേന്ദ്രത്തില്‍ മോദിക്കായി കൈ പൊക്കാന്‍ കേരളത്തില്‍ നിന്നും ചുരുങ്ങിയത് നാലു പേരെങ്കിലും ഉണ്ടാകുമെന്നതാണ് അവകാശവാദം. ഇതൊരു അതിരു കടന്ന അവകാശവാദമാണെങ്കിലും രാഷ്ട്രീയത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഇതോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ട്. ആര്‍.എസ്.എസ് താല്‍പ്പര്യം നടപ്പാക്കുക എന്ന ദൗത്യം മാത്രമായിരിക്കും അത്. പഴയ പോലെ കോ-ലീബി സഖ്യത്തിന് സാധ്യതയില്ലങ്കിലും ഇടതുപക്ഷത്തിന് ഭരണം ലഭിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ബി.ജെ.പിയും പരിവാര്‍ സംഘടനകളും സ്വീകരിക്കും.

വിജയ സാധ്യതയുളള മണ്ഡലങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാനും മറ്റിടങ്ങളില്‍ ഒരു ‘കൈ’ സഹായത്തിനുമുള്ള സാധ്യതയും ഏറെയാണ്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏത് ചെകുത്താനുമായി ചേര്‍ന്നായാലും, ഇടതുപക്ഷത്തെ ഭരണത്തില്‍ നിന്നും ഇറക്കിയാല്‍ മതിയെന്ന ഒറ്റ നിലപാടാണുള്ളത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്‍പൊരു ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന നിലപാട് കേരളത്തില്‍ ബി.ജെ.പി മാറ്റി വച്ചാല്‍ ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ രഹസ്യ നീക്കുപോക്കിനു മുന്‍കൈ എടുത്തേക്കും.

കേരളത്തില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നാല്‍ ആ സ്ഥാനത്ത് കയറി വന്ന് ഇടതുപക്ഷത്തെ തുരത്താമെന്നായിരുന്നു ഇതുവരെ ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍,കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് വിജയം അവരുടെ ആ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാണ്. കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും നിലവില്‍ വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുന്നത് കര്‍ണ്ണാടകയിലെ വിജയമാണ്. എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഈ അവസ്ഥയും മാറും. അപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് സാധ്യത വര്‍ദ്ധിക്കുക.

ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എം. ആകര്‍ഷിക്കുന്നതും ബി.ജെ.പി വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതുമാണ് ഭരണം ലഭിക്കാന്‍ യു.ഡി.എഫിനു മുന്നിലെ പ്രധാന തടസ്സം. പ്രതിപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ ഭിന്നിക്കുന്നത് ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുന്നത്. പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിന് ഇതും ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ ഹൈന്ദവ വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ സി.പി.എമ്മിനും അതുമൂലം ഇടതുപക്ഷ മുന്നണിക്കുമാണ് കഴിഞ്ഞ കുറേ കാലമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ പിന്തുണ തകര്‍ക്കാതെ ഹൈന്ദവ രാഷ്ട്രീയം പയറ്റുന്ന ബി.ജെ.പിക്ക് കേരളത്തില്‍ പച്ചതൊടാന്‍ കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ഒരു നീക്കമാണ് ടീം മോദിയും ആവശ്യപ്പെട്ടിരിക്കുന്നത്.

യാതൊരു കാരണവശാലും ഇടതുപക്ഷത്തിന് മൂന്നാമതും ഭരണം ലഭിക്കരുതെന്നും അതിനാവശ്യമായ നടപടിയാണ് വേണ്ടതെന്നുമാണ് നിര്‍ദ്ദേശം. പല ജാതി – മത സംഘടനകളും ഇടതുപക്ഷത്തെ എതിര്‍ക്കാതിരിക്കുന്നത് സംസ്ഥാനഭരണം കയ്യിലുള്ളതു കൊണ്ടാണെന്നാണ് ടീം മോദി കരുതുന്നത്. മുന്‍കാലങ്ങളെ പോലെ, ഇനിയും ഇടതുപക്ഷം പ്രതിപക്ഷത്തായാല്‍ ആ പിന്തുണ ഇടതിനു ലഭിക്കില്ലന്നും അത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. അതായത് സി.പി.എമ്മിന്റെ പ്രധാന വോട്ട് ബാങ്ക് തകര്‍ത്ത് അതു വഴി കേരളത്തില്‍ പിടിമുറുക്കുക തന്നെയാണ് ലക്ഷ്യം.

ടീം മോദിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയും ഭരണം ലഭിക്കാന്‍ ആരുമായും രഹസ്യ ധാരണയ്ക്ക് യു.ഡി.എഫും തയ്യാറായാല്‍ പഴയ കോ- ലീ-ബി സഖ്യം വീണ്ടും സാധ്യമാകും. മൂന്ന് പതിറ്റാണ്ട് മുന്‍പു നടന്ന കോ-ലീ-ബി സഖ്യത്തെ അഥവാ കോണ്‍ഗ്രസ്സ് – ലീഗ് – ബി.ജെ.പി സഖ്യത്തെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. വടകരയിലും ബേപ്പൂരിലും അക്കാലത്ത് ഇടതുപക്ഷത്തിനെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് മല്‍സരിപ്പിച്ചിരുന്നത്. രത്നസിങ് വടകരയിലും, മാധവന്‍കുട്ടി ബേപ്പൂരിലും പൊതു സ്ഥാനാര്‍ത്ഥികളായി മല്‍സരിച്ചെങ്കിലും ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്.

ഈ രഹസ്യ സഖ്യത്തെ കുറിച്ച് സിപിഎം ഉയര്‍ത്തിയ ആരോപണം മുപ്പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ എം.എല്‍.എയായ രാജഗോപാല്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഈ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്തുവന്നെങ്കിലും കോ-ലീ-ബി സഖ്യം യാഥാര്‍ത്ഥ്യമായിരുന്നുവെന്ന കാര്യം ബി.ജെ.പി നേതാവ് എം ടി രമേഷും തുറന്നു പറയുകയുണ്ടായി. രാജഗോപാലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യു ഡി എഫിനെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിച്ചാണ് സി.പി.എം ആഞ്ഞടിച്ചിരുന്നത്. ഈ അവിശുദ്ധ കൂട്ടു കെട്ട് ചൂണ്ടിക്കാട്ടി സി.പി.എം. നടത്തിയ പ്രചരണത്തില്‍ കോണ്‍ഗ്രസ്സ് മാത്രമല്ല മുസ്ലിംലീഗും ശരിക്കും വെട്ടിലായിരുന്നു.

പരാജയപ്പെട്ട ഈ പഴയ മോഡലിനെ പുതിയ രൂപത്തില്‍ അവതരിപ്പിച്ച് കേരള രാഷ്ട്രീയത്തില്‍ അട്ടിമറി നടത്താന്‍ ബി.ജെ.പി തീരുമാനിച്ചാല്‍ അത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. പൊതു സ്ഥാനാര്‍ത്ഥി എന്ന പഴയ നിലപാടിനു പകരം ഇടതുപക്ഷത്തിന്റെ തോല്‍വി ഉറപ്പാക്കാന്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പി. അപ്രസക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചരണ രംഗത്തു നിന്നും ഉള്‍വലിയാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. അങ്ങനെയാണെങ്കില്‍ നിയമസഭയിലെ 140 സീറ്റുകളില്‍ 20 – 30 സീറ്റുകളില്‍ മാത്രമായി ബി.ജെ.പിയുടെ മത്സരം ഒതുക്കപ്പെടും.

മറ്റിടങ്ങളില്‍ ഇടതുപക്ഷവും – യു.ഡി.എഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുക. ഇത്തരം ഒരു രാഷ്ട്രീയ മത്സരമാണ് കേരളത്തിലെ കോണ്‍ഗ്രസ്സും ആഗ്രഹിക്കുന്നത്. ഇടതുപക്ഷ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നതാണു യു.ഡി.എഫ് ആത്മവിശ്വാസമെങ്കില്‍ ഇടതുപക്ഷം ഭരണത്തില്‍ നിന്നും പുറത്തു പോകുന്നതോടെ ബദല്‍ ശക്തിയായി ഉയരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്…

EXPRESS KERALA VIEW

Top